തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിൽ സർക്കാരിന്റെ കൈ പൂർണമായും അഴിമതിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കൂടി ആലോചിച്ച് നടത്തിയ ഗുരുത അഴിമതി അന്വേഷണമെന്ന ആവശ്യത്തിൽ യുഡിഎഫ് ഉറച്ചു നിൽക്കുന്നു. ബ്രൂവറി വിഷയത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും അന്വേഷണമില്ലെങ്കിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ രാജിവയ്ക്കണമെന്നും യുഡിഎഫ് യോഗത്തിനുശേഷം ചെന്നിത്തല ആവശ്യപ്പെട്ടു.
ബ്രൂവറി വിഷയത്തിൽ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കാത്ത വിധത്തിൽ സിപിഎം പത്മവ്യൂഹത്തിൽ ആയിരിക്കുകയാണ്. പാർട്ടി സെക്രട്ടറി പോലും വിഷയത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ യുഡിഎഫ് സംസ്ഥാന വ്യാപകമായി ഒക്ടോബർ 11ന് ധർണ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളുടെ സമരത്തിന് യുഡിഎഫിന്റെ പൂർണ പിന്തുണയെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല പ്രതിസന്ധികൾക്ക് സർക്കാരാണ് ഉത്തരവാദി. 1990ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ ഈ സർക്കാർ അതിന് ഘടക വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. യുഡിഎഫ് വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ പോലെ ഹർത്താലിനോ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്ന സമരങ്ങൾക്കോ യുഡിഎഫ് ഇല്ല. സ്ത്രീപ്രവേശന വിധിയിൽ റിവ്യൂ ഹർജി നൽകണമെന്ന നിലപാടിലുറച്ച് നിൽക്കുന്നു. റിവ്യൂ ഹർജി തള്ളിയാൽ കേന്ദ്രം നിയമനിർമാണം നടത്തണമെന്നും ഇക്കാര്യം ബിജെപി നേതാക്കൾ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ ആർഎസ്എസും ബിജെപിയും കള്ളക്കളി നടത്തി. വിശ്വാസി സമൂഹത്തെ കബളിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിച്ചു. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അക്രമങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.