കൊച്ചി: ബ്രൂവറി, ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി വീണ്ടും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ബ്രൂവറി അനുവദിച്ചതിന്റെ വിശദാംശങ്ങൾ എല്ലാവർക്കും പരിശോധിക്കാവുന്നതാണ്. ഇക്കാര്യത്തിൽ തെറ്റായി ഒന്നും നടന്നിട്ടില്ല. എൽഡിഎഫിന്റെ മദ്യനയം അനുസരിച്ചാണ് അനുമതി നൽകിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങൾക്കുള്ള മറുപടി അടുത്ത ദിവസം തന്നെ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മദ്യഉപഭോഗം കുറയ്ക്കുന്നതിൽ കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റ് എന്തു നടപടി സ്വീകരിച്ചിരുന്നുവെന്നും മന്ത്രി ചോദിച്ചു.
മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള ബോധവത്കരണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. യുഡിഎഫിന്റെ ശീലം വച്ച് എൽഡിഎഫിനെ വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.