തിരുവനന്തപുരം: കുടിവെള്ളക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തിൽ പ്രതിവർഷം വൻതോതിൽ ബിയർ ഉത്പാദിപ്പിക്കാൻ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് മലമ്പുഴ എംഎൽഎ കൂടിയായ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവർത്തിക്കാൻ അനുവദിക്കാനാവില്ലെന്ന് വി.എസ് പ്രസ്താവനയിൽ പറഞ്ഞു.
ഭൂഗഭജലവകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വൻതോതിൽ ജലചൂഷണം നടത്തി മാത്രം പ്രവർത്തിക്കാൻ കഴിയുന്ന ബിയർ കമ്പനിക്ക് അനു മതി നൽകിയത് എന്നത് ആശങ്കാജനകമാണ്. പെപ്സി, കൊക്കക്കോള കമ്പനികൾക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുത്- വിഎസ് പറഞ്ഞു.
പ്ലാന്റിന് അനുമതി നല്‍കിയതില്‍ സിപിഎമ്മിന്റെ പ്രാദേശിക ഘടകവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നേരത്തെ പാലക്കാട് ജില്ലയില്‍ വന്‍കിട കമ്പനികള്‍ ജലചൂഷണം നടത്തുന്നതിനെതിരെ സിപിഎം നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.