ഗ്രനേഡ: ലാ ലിഗയില്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനു സമ്മര്‍ദമുയര്‍ത്തി ബാഴ്സലോണ. എവേ മത്സരത്തില്‍ ഗ്രനേഡയെ 4-1ന് തകര്‍ത്ത ബാഴ്സലോണ റയലുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു.
29 കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് 66 പോയിന്റും ഒരു കളി കുറവുള്ള റയലിന് 68 പോയിന്റുമാണുള്ളത്. തരംതാഴ്ത്തലിനെ ഉറ്റുനോക്കുന്ന ഗ്രനേഡയ്ക്കെതിരേ ലയണല്‍ മെസി ഇല്ലാതെയാണ് ബാഴ്സ ഇറങ്ങിയത്. ഒരു കളിയിലെ സസ്പെന്‍ഷനാണ് മെസിയെ പുറത്തിരുത്തിയത്.
ആദ്യ പകുതി തീരാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ ലൂയി സുവാരസ് ബാഴ്സലോണയ്ക്കു ലീഡ് നല്കി. രണ്ടാം തുടങ്ങി അഞ്ച് മിനിറ്റായപ്പോള്‍ ബാഴ്സലോണയെ ഞെട്ടിച്ചുകൊണ്ട് ഗ്രനേഡ ജെര്മയിന് ബോഗയിലൂടെ സമനില പിടിച്ചു. പകരക്കാരനായെത്തിയ പാക്കോ അല്‍കാസര്‍ 64-ാം മിനിറ്റില്‍ ബാഴ്സലോണയ്ക്കു ലീഡ് തിരിച്ചുനല്‍കി.
82-ാം മിനിറ്റില്‍ ഗ്രനേഡയുടെ ഉച്ചേ അഗ്ബോ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതോടെ ആതിഥേയര്‍ പത്തു പേരായി ചുരുങ്ങി. തൊടട്ടടുത്ത മിനിറ്റില്‍ ഇവാന് റാക്കിട്ടിച്ച് ബാഴ്സയുടെ ലീഡ് ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ (90+1) നെയ്മറുടെ വക ഗോളും ചേര്‍ന്നപ്പോള്‍ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം.
ബാഴ്സലോണയ്ക്കുവേണ്ടി നെയ്മറുടെ
100-ാമത്തെ ഗോളായിരുന്നു. ജയത്തോടെ ബാഴ്സലോണ റയലുമായുള്ള പോയിന്റ് വ്യത്യാസം രണ്ടായികുറച്ചു. ഞായറാഴ്ച നടന്ന മത്സരത്തില്‍ റയല്‍ 3-0ന് അലാവ്സിനെ തോല്‍പ്പിച്ചിരുന്നു. ഗ്രനേഡ 19-ാം സ്ഥാനത്തു തന്നെ തുടരുന്നു.