ബംഗളൂരു: എച്ച് ഡി കുമാരസ്വാമി സർക്കാർ രാജിവച്ചതോടെ, കർണാടകയിൽ പുതിയ സർക്കാരുണ്ടാക്കാൻ ബിജെപി നീക്കം സജീവമാക്കി. ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. യോഗത്തിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പയെ നേതാവായി തെരഞ്ഞെടുക്കും. ഇതിനു പിന്നാലെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംഘം ഗവർണറെ കണ്ട് കത്ത് നൽകും. ഗവർണർ ക്ഷണിച്ചാൽ യെദിയൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
കർണാടകയിൽ ജനാധിപത്യത്തിന്റെ വിജയമാണുണ്ടായതെന്ന് കുമാരസ്വാമി രാജിവച്ചതിനു പിന്നാലെ യെദിയൂരപ്പ അഭിപ്രായപ്പെട്ടു. അഴിമതി കൊണ്ട് ജനത്തിന് ഭാരമായ സർക്കാരാണ് പുറത്തായത്. വികസനത്തിന്റെ പുതിയ യുഗം കർണാടകയിൽ വരുമെന്നും, ബിജെപിയുടെ നേതൃത്വത്തിൽ സ്ഥിരതയും കഴിവുമുളള സർക്കാർ വരുമെന്നും യെദിയൂരപ്പ പറഞ്ഞു.
ഇതു നാലാം തവണയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയാകാൻ ഒരുങ്ങന്നത്. വിശ്വാസ വോട്ടെടുപ്പിനായി നാലുദിവസം ക്ഷമയോടെ കാത്തിരുന്നശേഷമാണ് 76കാരനായ യെദിയൂരപ്പ മുഖ്യമന്ത്രിപദത്തിലേക്ക് കടന്നെത്തുന്നത്. 2018 മേയ് 23ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ സർക്കാരിന് രണ്ടര ദിവസത്തെ ആയുസു മാത്രമാണുണ്ടായിരുന്നത്.
14 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് യെദിയൂരപ്പ വീണ്ടും അധികാരത്തിലേറാനൊരുങ്ങുന്നത്. കോൺഗ്രസ്-ജെഡിഎസ് സർക്കാരിന് വിശ്വാസവോട്ടെടുപ്പിൽ 99പേരുടെ പിന്തുണയാ ണ് ലഭിച്ചത്. 105 പേർ വിശ്വാസപ്രമേയത്തെ എതിർത്ത ു. 204 എംഎൽഎമാരാണു വോട്ടെടുപ്പിൽ പങ്കെടുത്തത്. ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത് 103 പേരുടെ പിന്തുണയായിരുന്നു.
കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 17ഉം ഒരു ബിഎസ്പി അംഗവും രണ്ട് സ്വതന്ത്രരും ഉൾപ്പെടെ 21 എംഎൽഎമാർ സഭയിലെത്തിയിരുന്നില്ല. വിശ്വാസ വോട്ടെടുപ്പിൽ പരാ ജയപ്പെട്ടതോടെ കുമാരസ്വാമി ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവർണർ വാജുഭായ് വാലയ്ക്ക് രാജി സമർപ്പിച്ചിരു ന്നു.
ഭരണപക്ഷത്തെ 16 (കോൺഗ്രസ് 13, ജെഡിഎസ്-3) എംഎൽഎമാർ രാജിവച്ചതോടെയായിരുന്നു സർക്കാർ പ്രതിസന്ധിയിലായത്. രണ്ടു സ്വതന്ത്രരും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. വിമത എംഎൽഎമാർ മുംബൈയിലെ ആഡംബര ഹോട്ടലിലാണ് ഇപ്പോഴും. യെദിയൂരപ്പ സർക്കാർ അധികാരത്തിൽ ഏറിയശേഷമേ അവർ ബംഗളൂരുവിൽ തിരിച്ചെത്തുകയുള്ളൂ വെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച വിശ്വാസപ്രമേയ ചർച്ച നാലു ദിവസം നീണ്ടു. ഇതിനിടെ പല നാടകീയരംഗങ്ങൾക്കും സഭ സാക്ഷ്യം വഹിച്ചു. വിശ്വാസ പ്രമേയ ചർച്ചയുടെ ആദ്യ ദിവസംതന്നെ വോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല.
വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നു ഗവർണർ രണ്ടു തവണ അന്ത്യശാസനം നല്കിയെങ്കിലും സർക്കാരും സ്പീക്കറും വഴങ്ങിയില്ല. നീണ്ട ചർച്ചകളിലൂടെ സമ്മേളനം നീട്ടിക്കൊണ്ടുപോകാനാണു ഭരണപക്ഷം ശ്രമിച്ചത്. ഒടുവിൽ സ്പീക്കർതന്നെ ഭരണപക്ഷത്തിനെതിരേ രംഗത്തെത്തിയ സ്ഥിതിയുണ്ടായി. തിങ്കളാഴ്ച രാത്രി 11.40 വരെ സഭ തുടർന്നെങ്കിലും വോട്ടെടുപ്പ് നടത്താനായില്ല. ഒടുവിൽ ഇന്നലെത്തന്നെ വോട്ടെടുപ്പു നടത്തുമെന്നു സ്പീക്കർ പ്രഖ്യാപിച്ചിരുന്നു.
പതിന്നാലു മാസത്തിനൊടുവിലാണു കുമാരസ്വാമി സർക്കാർ വീണത്. കർണാടകത്തിൽ 2018 മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. തുടർന്ന് 105 അംഗങ്ങളുള്ള ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്ന് നാലു ദിവസത്തിനുശേഷം യെദിയൂരപ്പ രാജിവച്ചു. തുടർന്നായിരുന്നു കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെഡിഎസ് സർക്കാർ അധികാരമേറ്റത്. ബിജെപിയിൽനിന്നു നിരന്തരം ഭീഷണിയുണ്ടായിരുന്നെങ്കിലും പലപ്പോഴും മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിന്റെ ഇടപെടലാണു സർക്കാരിനെ രക്ഷിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജെഡിഎസ് കക്ഷികൾക്കുണ്ടായ ദയനീയ പരാജയം സർക്കാരിന്റെ പതനം ആസന്നമാക്കി. രാജിവച്ച എംഎൽഎമാരെ അനുനയിപ്പിക്കാൻ കോൺഗ്രസ്, ജെഡിഎസ് നേതൃത്വങ്ങൾ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ബിജെപി പാളയത്തിൽനിന്ന് അവരെ തിരികെയെത്തിക്കുക എളുപ്പമായിരുന്നില്ല. സ്പീക്കർ തങ്ങളുടെ രാജി സ്വീകരിക്കാത്തതിനെതിരേ വിമതർ നല്കിയ ഹർജിയിലുള്ള സുപ്രീംകോടതി വിധിയും സർക്കാരിന് എതിരായി വ്യാഖ്യാനിക്കപ്പെട്ടു.കൂറു മാറിയ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപ ടികൾ ആരംഭിച്ചിട്ടുണ്ട്.
കർണാടകയിൽ ബിജെപിയുടെ അത്യാഗ്രഹം വിജയിച്ചുവെന്ന് രാഹുൽ, എല്ലാ നുണകളും ഒടുവിൽ തുറന്നുകാട്ടപ്പെടുമെന്ന് പ്രിയങ്ക
ന്യൂഡൽഹി: കർണാടകയിലെ കോണ്ഗ്രസ് ജെഡിഎസ് സഖ്യം ബിജെപിക്ക് ഭീഷണിയായിരുന്നുവെന്ന് രാഹുൽ ഗാന്ധി. അവരുടെ അത്യാഗ്രഹം വിജയിച്ചു. കർണാടകയിൽ ജനാധിപത്യവും സത്യസന്ധതയും ഇല്ലാതായെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. എല്ലാ നുണകളും ഒടുവിൽ തുറന്നുകാട്ടപ്പെടുമെന്ന് ബിജെപി ഒരു നാൾ തിരിച്ചറിയുമെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു.