മുംബൈ: കടലാസ് കന്പനികൾക്കെതിരായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നടപടിയെത്തുടർന്ന് ഓഹരിക്കന്പോളത്തിൽ തകർച്ച. നിഫ്റ്റി രണ്ടാഴ്ചയ്ക്കു ശേഷം പതിനായിരത്തിനു താഴെയായി. സെൻസെക്സ് 32000നു താഴെ പോയിട്ട് തിരിച്ചുകയറി.
സാന്പത്തിക തിരിമറിക്കു മാത്രമായി തട്ടിക്കൂട്ടിയ 331 കടലാസ് കന്പനികളുടെ വ്യാപാരം സെബി നിർത്തിവയ്പിച്ചു. നികുതിവെട്ടിപ്പ്, വഞ്ചന തുടങ്ങിയവയ്ക്ക് അന്വേഷണം നേരിടുന്നവയാണ് ഈ കന്പനികൾ പലതും. ആദായനികുതിവകുപ്പും വലിയ സാന്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന എസ്എഫ്ഐഒയും ആണ് ഈ കന്പനികൾക്കെതിരേ നടപടി ആവശ്യപ്പെട്ടത്. കന്പനികാര്യ മന്ത്രാലയത്തിൽനിന്ന് ഈ കന്പനികൾക്കെതിരേ നടപടിയുണ്ടാകും. വിലക്ക് നേരിട്ടവയിൽ നല്ലപങ്ക് പശ്ചിമബംഗാളിൽനിന്നാണ്.
സെൻസെക്സും നിഫ്റ്റിയും ഇന്നലെ രാവിലെ നേട്ടത്തോടെ തുടങ്ങിയിട്ടാണ് താഴോട്ടു പോയത്. സെൻസെക്സ് 259.48 പോയിന്റ് നഷ്ടത്തിൽ 32014.19-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 78.55 പോയിന്റ് താഴ്ന്ന് 9978.55 -ൽ വ്യാപാരം അവസാനിപ്പിച്ചു.
സെബി ഉത്തരവ് കന്പോളത്തെ ഞെട്ടിച്ചു. വിലക്കിലായ കന്പനികളെല്ലാം തട്ടിപ്പുകന്പനികളല്ലെന്നു ബ്രോക്കർമാർ ചൂണ്ടിക്കാട്ടി. തട്ടിപ്പുകാരല്ലെന്നു വന്നാൽ ഈ കന്പനികളുടെ യശസിനേറ്റ കളങ്കം മാറ്റുന്നത് എങ്ങനെയെന്നും ബ്രോക്കർമാർ ചോദിക്കുന്നു.
റിയൽ എസ്റ്റേറ്റ് കന്പനികൾക്ക് ഇന്നലെ തിരിച്ചടി നേരിട്ടു. 4.53 ശതമാനം ഇടിവാണ് റിയൽറ്റി സൂചികയിലുണ്ടായത്. പെട്രോളിയം, പൊതുമേഖല, വൈദ്യുതി ഓഹരികൾക്കും വിലയിടിഞ്ഞു.