ചണ്ഡീഗഡ്: രാജ്യസുരക്ഷയെ സംബന്ധിക്കുന്ന നിർണായകമായ ദൃശ്യങ്ങൾ ഉൾപ്പെടയുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനു കൈമാറിയ ബിഎസ്എഫ് ജവാൻ അറസ്റ്റിൽ.ഷെയ്ഖ് റിയാസുദ്ദീൻ എന്ന മഹാരാഷ്ട്ര സ്വദേശിയാണ് അറസ്റ്റിലായത്.
പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസിക്ക് (ഐഎസ്എ) രാജ്യത്തെ സംബന്ധിക്കുന്ന തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ഒഫീഷ്യൽ സീക്രട്ട്സ് ആക്ട്, ദേശീയ സുരക്ഷാനയം എന്നിവ അനുസരിച്ചുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതിർത്തി വേലി സംബന്ധിക്കുന്ന ദൃശ്യങ്ങൾ, അതിർത്തിയിലെ റോഡുകൾ സംബന്ധിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും, ബിഎസ്എഫ് യൂണിറ്റ് ഓഫീസർമാരുടെ നമ്പറുകൾ എന്നിവയടക്കമുള്ള വിവരങ്ങളാണ് റിയാസുദ്ദീൻ പാക് ഐഎസ്ഐക്ക് കൈമാറിയത്. രണ്ട് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സിം കാർഡിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള അന്വേഷണത്തിലാണ് തങ്ങളെന്ന് അധികൃതർ അറിയിച്ചു.
ബിഎസ്എഫില്‍ ഓപ്പറേറ്ററായിരുന്ന റിയാസുദ്ദീൻ വിവര കൈമാറ്റത്തിന് ഫേസ്ബുക്ക്, മെസെഞ്ചർ എന്നിവയും ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അതിനിടെ, ദീപാവലി സമയത്ത് പഞ്ചാബില്‍ ഗ്രനേഡ് ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ സുരക്ഷ കർശനമാക്കി.