സ്വന്തം ജീവൻ പോലും പണയം വച്ച് ഉറക്കം പോലുമില്ലാതെ രാപകൽ ഭേദമന്യേ കാവൽ നിൽക്കുന്നവരാണ് ഓരോ പട്ടാളക്കാരനും. ജോലിക്കിടയിലുണ്ടാകുന്ന അപകടമായ സാഹചര്യങ്ങളെ നേരിടുന്പോൾ പലർക്കും ജീവൻ വരെ നഷ്ടപ്പെടാറുമുണ്ട്. എന്നാൽ അതിലൊന്നും തളരാതെ തന്റെ ജോലി കൃത്യമായി ഇവർ പൂർത്തിയാക്കുന്നത് എല്ലാവർക്കും പ്രചോദനമാണ്.
ഇപ്പൊഴിതാ ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ അവഗണിച്ച് ഒരു ബിഎസ്എഫ് ജവാൻ ജോലി ചെയ്യുന്ന ചിത്രമാണ് നവമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. കനത്ത മഴയെത്തുടർന്ന് ആസാമിലെ ബ്രഹ്മപുത്ര നദി നിറഞ്ഞു കവിഞ്ഞതാണ് ഇവിടുത്തെ ജനജീവിതം തന്നെ സ്തംഭിക്കാൻ കാരണമായത്. വെള്ളപ്പൊക്കത്തെ തുടർന്ന് 10 പേർ മരിക്കുകയും ചെയ്യ്തു. തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് നിരവധിയാളുകൾ മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോയെങ്കിലും അതിനു തയ്യാറാകാതെ ആളുകൾ ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ട്.
നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചാണ് ജവാന്മാർ ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതിന് ഉദാഹരണമെന്നോണം ബിഎസ്എഫിന്റെ ട്വിറ്ററിൽ ഒരു പട്ടാളക്കാരൻ മുട്ടോളം നിറഞ്ഞ വെള്ളത്തിൽ തോക്കുമേന്തി നിൽകുന്ന ചിത്രം പോസ്റ്റ് ചെയ്തതിനെ തുർന്ന് വൈറലായി മാറുകയാണ്. ആസമിൽ ഇന്ത്യ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സ്ഥലത്താണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.തുർന്ന് നിരവധിയാളുകളാണ് സേനയ്ക്കൊന്നാകെ അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.