കടുത്ത മത്സരമാണ് ടെലികോം മേഖലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സാക്ഷാല്‍ ടെലികോം രംഗത്തെ പ്രമുഖനായ ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാനും ഇതിനായി കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകള്‍ ബിഎസ്എന്‍എല്ലിനു വിട്ടുകൊടുക്കാനും നാളെ മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും. ഇതിനായി തുക വകയിരുത്താനും തീരുമാനിച്ചിട്ടുള്ളതിനാല്‍ പദ്ധതി പാഴ്വാക്കാകില്ലെന്നതും ഉറപ്പാണ്.
ബിഎസ്എന്‍എല്ലിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് അടിസ്ഥാന സൗകര്യമൊരുക്കുക എന്നതാണു സര്‍ക്കാരിന് ഇതിലുള്ള ദൗത്യം. ഒരു മാസം ഒരു ജിബി ഡേറ്റ സൗജന്യമായി നല്‍കുമെന്നാണു സൂചന. അധിക ഉപയോഗത്തിനു നിരക്ക് ഈടാക്കും. ബിഎസ്എന്‍എല്ലും സര്‍ക്കാരും ചേര്‍ന്ന് ഏറ്റവും ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് പ്ലാനും ഇതിനായി തയാറാക്കും. വിദൂര മേഖലകളില്‍ കേബിള്‍ എത്തിക്കാന്‍ കഴിയാത്തതാണു മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.
സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വൈദ്യുതി ലൈനുകള്‍ എത്തിയിട്ടുണ്ട്. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിയാണു ടെലിഫോണ്‍ ലൈനുകള്‍ വൈദ്യുതി പോസ്റ്റുകളിലൂടെ വലിക്കാന്‍ സൗകര്യമൊരുക്കുന്നത്. പോസ്റ്റുകള്‍ വിട്ടുകൊടുക്കുന്നതിനു പകരമായി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന സര്‍ക്കാര്‍ പദ്ധതിയില്‍ ബിഎസ്എന്‍എല്‍ പങ്കാളിയാകണം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള എല്ലാ ഫീസും ഇ-പേയ്‌മെന്റ് സംവിധാനം വഴിയാക്കുന്ന പ്രഖ്യാപനവും ബജറ്റിലുണ്ടാകും. ഇതിനായി പുതിയ ഓള്‍ ഇന്‍ വണ്‍ മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കും.