കോട്ടയം: 3ജി, 4ജി നെറ്റ്വർക്കുകൾ മാറിമാറി വരുന്പോഴുണ്ടാകുന്ന ഡാറ്റ കൺവേർഷൻ മൂലമാണ് ചെറിയ തോതിൽ തുക ഈടാക്കുന്നതെന്ന് ബിഎസ്എൻഎൽ. എല്ലാ ടെലികോം സേവനദാതാക്കളും 4ജി നെറ്റ്വർക്ക് നല്കുന്നത് ഡാറ്റ ഉപയോഗത്തിനു മാത്രമാണ്. ഈ നെറ്റ്വർക്കിൽ കോളിംഗ് നടക്കില്ല.
അതിനാൽ 2ജി, 3ജി നെറ്റ്വർക്കുകളാണ് കോളിംഗിനായി ഉപയോഗിക്കുക. ഇത്തരത്തിൽ 4ജി/3ജി/2ജി കൺവേർഷന്റെ സിഗ്നലിംഗിനുള്ള ഒഥന്റിഫിക്കേഷനുവേണ്ടിയാണ് ചെറിയ തോതിലുള്ള ഡാറ്റ ഉപയോഗിക്കുന്നത്. ഡാറ്റാ പായ്ക്കുകൾ ഉപയോഗിക്കുന്നവർക്ക് ഇത് സൗജന്യമാകുന്പോൾ പായ്ക്ക് ഉപയോഗിക്കാത്തവരിൽനിന്ന് ചെറിയ തോതിൽ തുക വലിക്കുമെന്നും ബിഎസ്എൻഎൽ അറിയിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഎസ്എൻഎൽ 4ജി സേവനം വ്യാപകമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സിഗ്നലിംഗിന് ഈടാക്കുന്ന ചെറിയ ഡാറ്റ ഒഴിവാക്കാനുള്ള നിർദേശം അധികൃതർക്കു മുന്നിൽവച്ചിട്ടുണ്ട്. വൈകാതെതന്നെ അക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ദീപിക ഇന്നലെ നല്കിയ വാർത്തയോടു പ്രതികരിച്ച് ബിഎസ്എൻഎൽ വക്താവ് അറിയിച്ചു.