കൊച്ചി: മൊബൈൽ നന്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ സ്വകാര്യ ഏജൻസികൾ പലതരത്തിൽ കമ്മീഷൻ ഈടാക്കുന്നു. പത്തു മുതൽ നാൽപതു രൂപവരെയാണു കമ്മീഷൻ ഈടാക്കുന്നത്.
സ്വകാര്യ മൊബൈൽ ഷോപ്പുകൾ വഴി ആധാർ ബന്ധിപ്പിക്കൽ നടത്തുന്നവരിൽ നിന്നാണു കമ്മീഷൻ ഈടാക്കുന്നത്. കൊച്ചി നഗരത്തിൽ തന്നെ പലയിടത്തും പല നിരക്കാണ് ഇതിനായി ഈടാക്കുന്നത്. നാൽപതു രൂപവരെ കമ്മീഷൻ വാങ്ങുന്ന സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ഗ്രാമീണമേഖലകളിലും ആധാർ റീവെരിഫിക്കേഷനു പല ഏജൻസികളും കമ്മീഷൻ വാങ്ങുന്നുണ്ട്. ചിലർ ഉപഭോക്താക്കളുടെ താമസ്ഥലങ്ങളിലെത്തി റീവെരിഫിക്കേഷനു സൗകര്യമൊരുക്കുന്നുണ്ട്. കടകളിൽ ഈടാക്കുന്നതിനേക്കാൾ കൂടുതൽ തുകയാണ് ഇക്കൂട്ടർ വാങ്ങുന്നത്.
മൊബൈൽ സേവന ദാതാക്കളുടെ കസ്റ്റമർ കെയർ സെന്ററുകളിൽ സൗജന്യമായാണ് ആധാർ റീവെരിഫിക്കേഷനു സംവിധാനമൊരുക്കിയിട്ടുള്ളത്. ഇവിടെ മൊബൈൽ ഫോണും ആധാർ നന്പറുമായെത്തിയാൽ സമയനഷ്ടമില്ലാതെ ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.
അതേസമയം മൊബൈൽ നന്പറിൽ ആധാർ ലിങ്ക് ചെയ്യാൻ ഉപഭോക്താക്കൾ പണം നൽകേണ്ടതില്ലെന്നു ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.ബിഎസ്എൻഎലിന്റെ എല്ലാ കസ്റ്റമർ കെയർ സെന്ററുകളിലും വിവിധ സ്ഥലങ്ങളിൽ ഒരുക്കുന്ന മേളകളിലും ഇതിനു സംവിധാനമുണ്ട്.
ആധാർ ലിങ്ക് ചെയ്യുന്നതിനു നിയോഗിക്കപ്പെട്ടിട്ടുള്ള ഫ്രാഞ്ചെസികൾക്കും ഡയറക്ട് സെല്ലിംഗ് ഏജൻസികൾക്കും ബിഎസ്എൻഎൽ നിശ്ചിത തുക പ്രതിഫലമായി നൽകുന്നുണ്ട്. ഒരു നന്പറിന് ഫ്രാഞ്ചൈസികൾക്ക് അഞ്ചു രൂപയും ഡയറക്ട് സെല്ലിംഗ് ഏജൻസികൾക്കു നാലു രൂപയുമാണു കമ്മീഷൻ നൽകുന്നതെന്നു ബിഎസ്എൻഎൽ എറണാകുളം ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ ജി. മുരളീധരൻ അറിയിച്ചു. സ്വകാര്യ ഏജൻസികൾ റീവെരിഫിക്കേഷനു പണം ഈടാക്കുന്നതിൽ ബിഎസ്എൻഎലിന് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.
2018 ജനുവരി 31നകം മൊബൈൽ നന്പറുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നു കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ ഇതിനായി അക്ഷയ, കുടുംബശ്രീ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്താനുള്ള ആലോചനയും പുരോഗമിക്കുന്നുണ്ട്.
സിജോ പൈനാടത്ത്