മുംബൈ: മൊബൈൽ ഫോണ്‍ സേവന ദാതാക്കളായ വൊഡഫോണ്‍-ഐഡിയയും ഭാരതി എയർടെലും പ്രഖ്യാപിച്ച പുതിയ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ. മൊബൈൽ ഫോണ്‍ കോൾ, ഇന്റർനെറ്റ് നിരക്ക് വർധനയാണ് പ്രാബല്യത്തിൽ വരിക. റിലയൻസ് ജിയോയുടെ പുതിയ നിരക്കുകൾ വെള്ളിയാഴ്ച നിലവിൽ വരും.
ഫോണ്‍ സംസാരത്തിനും ഡാറ്റയ്ക്കും 42 ശതമാനംവരെ നിരക്കു വർധിപ്പിച്ചത്. കന്പനികളുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇനി പുതിയ നിരക്കിലാണു ലഭിക്കുക. എയർടെൽ ഫെയർ യൂസർ പോളിസി (എഫ്യുപി) നിരക്കു പ്രകാരമുള്ളതിൽ കൂടുതലായ കോളുകൾക്ക് സെക്കൻഡിന് ആറു പൈസ ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
എയർടെലിന്റെ 28 ദിവസത്തേക്കുള്ള 249 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനിന് 298 രൂപയാക്കി. 82 ദിവസത്തെ 448 രൂപയുടെ പ്ലാൻ ഇനി 598 രൂപയുടേതാകും. 84 ദിവസം വാലിഡിറ്റി കിട്ടും. ഒരു ദിവസം 50 പൈസ മുതൽ 2.85 രൂപവരെ വർധന ഉണ്ടാകുംവിധമാണു പുതിയ നിരക്ക് എന്നു കന്പനി അറിയിച്ചു.
വോഡഫോണ്‍ ഐഡിയയും രണ്ടു ദിവസം മുതൽ 365 ദിവസംവരെ കാലാവധിയുള്ള പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചിരുന്നു. 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ 1499 രൂപയ്ക്കും 2399 രൂപയ്ക്കുമുണ്ട്. 1699 രൂപ ഉണ്ടായിരുന്ന പ്ലാനിലെ സേവനങ്ങൾ കിട്ടാൻ 2399 രൂപ വേണം. വർധന 41.2 ശതമാനം. റിലയൻസ് ജിയോ 40 ശതമാനമാണു നിരക്ക് കൂട്ടിയത്. അണ്‍ലിമിറ്റഡ് വോയിസും ഡാറ്റയുമുള്ള ഓൾ ഇൻ വണ്‍ പ്ലാനുകളും കന്പനി അവതരിപ്പിച്ചു.
ബിഎസ്എൻഎൽ/എംടിഎൻഎൽ നിരക്ക് കൂട്ടുമെന്ന് അറിയിച്ചിരുന്നു. എന്നു മുതലാണെന്നു പ്രഖ്യാപിച്ചിട്ടില്ല. ടെലികോം കന്പനികളുടെ മൊത്തവരുമാനം (എജിആർ) നിർണയിക്കുന്നതിൽ ഏതെല്ലാം പെടുത്തണം എന്നു സുപ്രീംകോടതി വിധിച്ചതോടെ വന്ന സാന്പത്തിക പ്രതിസന്ധിമൂലമാണു കന്പനികൾ നിരക്ക് കുത്തനേ കൂട്ടിയത്.