കോട്ടയം: തിരുനക്കര ബിഎസ്എൻഎൽ ഓഫീസിലെ ഗോഡൗണ്‍ തീകത്തി നശിച്ചു. ഫയർഫോഴ്സ് യഥാസമയം എത്തിയതിനാൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ ഇരിക്കുന്ന മറ്റ് ഓഫീസുകളിലേക്ക് തീ പടർന്നില്ല. ഇതോടെ വൻ ദുരന്തത്തിൽ നിന്നാണ് നഗരം രക്ഷപ്പെട്ടത്.ഇന്നു രാവിലെ എട്ടേകാലോടെയാണ് തീ പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ബിഎസ്എൻഎൽ കോന്പൗണ്ടിനു പുറത്തുള്ള റോഡിലൂടെ പോയവരാണ് ആദ്യം വിവരം ശ്രദ്ധയിൽപ്പെടുത്തിയത്.
പുക വർധിച്ചതോടെയാണ് തീ പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും ഗോഡൗണ്‍ പൂർണമായി കത്തി നശിച്ചിരുന്നു. ബിഎസ്എൻഎൽ ഓഫീസിനു പിൻവശത്താണ് ഏകദേശം 30 അടി നീളമുള്ള ഗോഡൗണ്‍. ഇവിടെ പഴയ ഫയലുകളും കേബിളും അടക്കം നിരവധി സാധനങ്ങൾ കൂട്ടിയിട്ടിരുന്നു. ഗോഡൗണിനു പുറത്തു കിടന്ന ചപ്പുചവറുകൾക്കാണ് ആദ്യം തിപിടിച്ചതെന്നു കരുതുന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചപ്പുചവറുകൾക്കു പിടിച്ച തീ പിന്നീട് പഴയ ഫയലുകളിലേക്ക് പടർന്ന് ഗോഡൗണിന്റെ വാതിൽ വഴി അകത്തുകടക്കുകയായിരുന്നുവെന്നു കരുതുന്നു. അതേ സമയം ഗോഡൗണിലെ ഷോർട്ട് സർക്യൂട്ട് ആണോ തീപിടിത്തത്തിന് കാരണമെന്നു സംശയിക്കുന്നതായി ബിഎസ്എൻഎൽ ജീവനക്കാർ പറയുന്നു. ഫയർഫോഴ്സ് ആദ്യം ശ്രദ്ധിച്ചത് തി പടർന്ന് മറ്റ് ഓഫീസിലേക്ക് പിടിക്കാതിരിക്കാനായിരുന്നു.
ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ അടക്കമുള്ള സാധനങ്ങൾ ഓഫീസുകളിലുണ്ട്. ഇവയ്ക്കൊന്നും ഒരു പോറൽ പോലുമേറ്റിട്ടില്ല. ഓഫീസ് പ്രവർത്തനത്തെ തീ പിടിത്തം ബാധിച്ചിട്ടില്ല. തീ പിടിച്ചു നശിച്ച ഗോഡൗണിനു തൊട്ടടുത്താണ് 11,000 വാട്സിന്റെ ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്.
തീ പിടിച്ചയുടൻ വൈദ്യുതി ബോർഡ് ജീവനക്കാരെത്തി കണക്ഷൻ വിഛേദിച്ചു. ഫയർ സ്റ്റേഷൻ ഓഫീസർ കെ.വി.ശിവദാസൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസ്, ലീഡിംഗ് ഫയർമാൻ ഉദയഭാനു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.