ആലപ്പുഴ: സ്വകാര്യ നെറ്റ് വർക്കുകളുടെ മത്സരങ്ങളിലും പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച രീതിയിൽ സേവനം നൽകുവാൻ ബി.എസ്.എൻ.എലിനു കഴിയുന്നുണ്ടെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സാന്പത്തിക വർഷം എട്ടുശതമാനം വരുമാന വർധനവാണ് ബിഎസ്എൻഎലിന് ജില്ലയിലുണ്ടായത്. ഈ സാന്പത്തിക വർഷത്തിൽ 85 ടുജി സൈറ്റുകൾ അപ്ഗ്രേഡ് ചെയ്യും. 81 ടുജി സൈറ്റുകൾ 3ജിയായി മാറും.
പുതിയതായി 24 ടുജി സൈറ്റുകൾ കമ്മിഷൻ ചെയ്യും. ജില്ലയിലെ 14 ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ നെക്സ്റ്റ് ജനറേഷൻ നെറ്റ്വർക്കായി മാറികഴിഞ്ഞു. അത്യാധുനിക വാർത്താവിനിയമ സൗകര്യങ്ങളാണ് ഇതിലുള്ളത്. ഫിക്സഡ് ടു മൊബൈൽ കണ്‍വർജൻസ്, സെൻട്രക്സ് സൗകര്യം എന്നിവ ഇതിലുണ്ട്.
ജില്ലയിൽ ആകെ 82 ടെലിഫോണ്‍ എക്സ്ചേഞ്ചുകളും 30 ഉപഭോക്തൃസേവന കേന്ദ്രങ്ങളും 289 ടുജി സൈറ്റുകളും 239 ത്രിജി സൈറ്റുകളും 23 വൈമാക്സ് സൈറ്റുകളും 54 ഡബ്ല്യു എൽ എൽ സൈറ്റുകളും നിലവിലുണ്ട്. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ പുതിയതായി 16 ടുജി സൈറ്റുകളും 135 ത്രിജി സൈറ്റുകളും കമ്മിഷൻ ചെയ്തിരുന്നു. ജില്ലയിലെ ബ്രോഡ്ബാൻഡ് ഡെൻസിറ്റി ഇപ്പോൾ 35 ശതമാനമാണ്.
ആലപ്പുഴ സി എസ് സി, മാവേലിക്കര സി എസ് സി, പുന്നമട ഫിനിഷിംഗ് പോയിന്റ്, കലക്ട്രേറ്റ്, വിജയ്ബാങ്ക് മാരാരിക്കുളം എന്നിവിടങ്ങളിൽ ക്വാഡ്ജെൻ വൈഫൈ ഹോട്ട്സ്പോട്ടുകളും പാതിരപ്പള്ളി, കൈചൂണ്ടി, കിടങ്ങാംപറന്പ്, ബോട്ട്ജെട്ടി, മുല്ലയ്ക്കൽ, കായംകുളം മാർക്കറ്റ്, പുന്നപ്ര എന്നീ മൊബൈൽ ബി ടി എസുകളിലും ആലപ്പുഴ ജിഎം ഓഫീസ്, ആലപ്പുഴ നഗരസഭ ഓഫീസ്, അന്പലപ്പുഴ കസ്റ്റമർ കെയർ സെന്റർ, മാവേലിക്കര കസ്റ്റമർ കെയർ സെന്റർ എന്നിവിടങ്ങളിൽ എൽ ആന്റ് ടി വൈഫൈ ഹോട്ട്സ്പോട്ടുകളും നിലവിൽ വന്നിട്ടുണ്ടെന്നും ജനറൽ മാനേജർ മനോജ് സി, ഡി ജി എം. എസ് വേണുഗോപാൽ, ഡി ജി എം ഓപ്പറേറ്റർ സദാനന്ദൻ ഡി ജോഷി, ഡി ജി എം മാർക്കറ്റിംഗ് അനിൽകുമാർ മേനോൻ, അഡീഷണൽ ഡി ജി എം ജെയിംസ് ടി വി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.