കോതമംഗലം: പൂയംകുട്ടിയിൽ സ്ഥാപിച്ചിട്ടുള്ള ബിഎസ്എൻഎൽ ടവറിലെ ജനറേറ്റർ പ്രവർത്തിക്കാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. വനമേഖലയായ പൂയംകുട്ടി, മണികണ്ഠംചാൽ തുടങ്ങിയയിടങ്ങളിൽ മഴക്കാലമായതോടെ വൈദ്യുതി മുടങ്ങുന്നത് നിത്യസംഭവമായിരിക്കുകയാണ്.
വൈദ്യുതി തടസം നേരിടുന്ന സാഹചര്യങ്ങളിൽ ടവറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്ഥാപിച്ച ജനറേറ്റർ പ്രവർത്തിക്കാത്തതു മൂലം നൂറുകണക്കിനു ഉപഭോക്താക്കളാണ് നട്ടം തിരിയുന്നത്. മറ്റു സ്വകാര്യ കന്പനികളെ അപേക്ഷിച്ച് കൂടുതൽ ഉപഭോക്താക്കളുള്ള ബിഎസ്എൻഎല്ലിനു കവറേജ് ലഭിക്കാത്തതു മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
പൂയംകുട്ടി തണ്ടിൽ സ്ഥാപിച്ചിട്ടുള്ള ടവറിലെ ജനറേറ്റർ തകരാറിലായതിനെത്തുടർന്ന് ആറു മാസം മുന്പ് സ്ഥാപിച്ച ജനറേറ്ററാണ് നിലവിൽ പ്രവർത്തിക്കാതായിട്ടുള്ളത്. ജനറേറ്റർ പ്രവർത്തിക്കാത്തത് വൻ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതേത്തുടർന്നാണ് പുതിയ ജനറേറ്റർ സ്ഥാപിച്ചത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഈ ജനറേറ്ററും പ്രവർത്തന രഹിതമാകുകയായിരുന്നു.
ജനറേറ്ററിന്റെ തകരാർ പരിഹരിക്കുന്നതിനും മറ്റും അധികൃതർ നടപടി സ്വീകരിക്കാത്തതാണ് വീണ്ടും പ്രതിഷേധത്തിനു വഴിയൊരുക്കിയത്. വൈദ്യുതി നിലയ്ക്കുന്പോൾ സ്വയം പ്രവർത്തിക്കുന്ന വിധത്തിലുള്ള ഓട്ടോമാറ്റിക് സംവിധാനങ്ങളോടു കൂടിയ ജനറേറ്റർ സ്ഥാപിക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.
കൂടാതെ ടവറിലെ തൊഴിലാളികളുടെ സേവന സമയം കൃമീകരിക്കുന്നതിനും അധികൃതർക്കു കഴിയുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കാട്ടാന ശല്യവും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്ന പ്രദേശത്തെ ഫോണ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.