ഉളിക്കൽ: ഉളിക്കൽ കൃഷിഭവന്റെയും നുച്യാട് പഴയ ടോൾ ബൂത്തിന്റെയും സമീപത്തുനിന്നു ബിഎസ്എൻഎലിന്റെ ഒന്നര ലക്ഷം രൂപ വിലവരുന്ന കേബിളുകൾ മോഷണം പോയി.
റോഡിന്റെ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിൽ റോഡിന് വെളിയിൽ കിടന്ന കേബിളിന്റെ ഭാഗങ്ങളാണ് മോഷ്ടിച്ചത്. ടെലിഫോൺ ലൈൻ പ്രവർത്തിക്കാതെ വന്നതോടെ ഉപഭോക്താക്കൾ പരാതിയുമായി വന്നപ്പോഴാണ് കേബിൾ മോഷണം പോയ വിവരം അധികൃതർ അറിയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേബിൾ മോഷണം പോയതെന്നാണ് നിഗമനം. 100 പെയറിന്റെ 350 മീറ്റർ കേബിളും 20 പെയറിന്റെ 100 മീറ്റർ കേബിളുമാണ് മോഷണം പോയിരിക്കുന്നത്. നുച്യാട് നടന്ന മോഷണം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മലയോര ഹൈവേയിലാണ് നടന്നിരിക്കുന്നത്. അടുത്ത നാളുകളായി ബിഎസ്എൻഎൽ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ വർധിക്കുകയാണ്.
അടച്ചിട്ട ബിഎസ്എൻഎൽ ഓഫീസുകളിൽനിന്ന് എൽസിസി ചിപ്പുകൾ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളിൽ രണ്ടുപേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇരിട്ടി പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ജൂണിയർ എൻജിനിയർ വി.ജെ. മൈക്കിൾ നൽകിയ പരാതിയിൽ ഉളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.