കോഴിക്കോട്: നാടിനെയാകെ ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്ത് മണിക്കൂറുകൾ നിര്‍ത്തിച്ച കള്ളനെ പിടികൂടാന്‍ കഴിയാതെ പോലീസ്.
രാമനാട്ടുകര ബിഎസ്എൻഎൽ ഓഫീസിനോടുചേർന്ന ഇൻസ്ട്രുമെന്റേഷൻ റൂം തകർത്ത് കേബിളിനകത്തുനിന്ന് 250 കിലോയോളം തൂക്കം വരുന്ന കോപ്പർ വയർ ആണ് കള്ളന് കൊണ്ടുപോയത്.
ഇതേ തുടർന്ന് രാമനാട്ടുകരയിലേയും പരിസരങ്ങളിലെയും ഇന്റർനെറ്റ് കണക്ഷനുകളും 350ൽപരം ലാൻഡ് ലൈൻ ഫോണുകളും നിശ്ചലമായിരുന്നു.
സമീപത്തെ സിസിടിവികള്‍ അരിച്ചുപെറുക്കിയെങ്കിലും പോലീസിന് തുമ്പുണ്ടാക്കാന്‍ ആയില്ല. കേബിള്‍ സംബന്ധമായി പ്രവര്‍ത്തിക്കുന്ന ആള്‍ക്ക് മാത്രമേ കൃത്യമായി ഇത്തരമൊരു മോഷണം നടത്താന്‍ കഴിയൂവെന്നാണ് പോലീസ് പറയുന്നത്.
മുന്‍പ് സമീപത്തെ ഒരു കടയില്‍ ഷോര്‍ട്ട് സര്‍ക്യുട്ട് മൂലം രാത്രിയില്‍ തീപിടിത്തമുണ്ടായിരുന്നതിനാല്‍ പല കടയുടമകളും സിസിടിവി ഓഫ് ചെയ്താണ് കടപൂട്ടാറുള്ളത്.
ഇതും തുടര്‍ അന്വേഷണത്തിന് പോലീസിന് തടസം സൃഷ്ടിക്കുന്നുണ്ട്.വലിയ വാഹനത്തിൽ മാത്രമേ ഇത്രയധികം തൂക്കമുള്ള വയർ കടത്തിക്കൊണ്ടുപോകാൻ കഴിയൂവെന്ന കാര്യവും പരിശോധിക്കുന്നു.
ഒരു കിലോ കോപ്പർ വയറിന് 2000 ത്തോളം രൂപ വിലവരും. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാകാം മോഷണം നടന്നതെന്നാണ് നിഗമനം. പുലർച്ചെ 1.41നാണ് ഇന്റർനെറ്റും ടെലിഫോൺ ബന്ധവും നാട്ടിലാകെ വിച്ഛേദിക്കപ്പെട്ടത്.