മണ്ണാർക്കാട്: മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചാൽ നന്പർ നിലവിലില്ലെന്നു മറുപടി ലഭിക്കുന്നതായി പരാതി. അത്യാവശ്യഘട്ടങ്ങളിൽ മണ്ണാർക്കാട് സ്റ്റേഷനിലേക്കു വിളിച്ചാൽ ആറുമാസത്തിലേറെയായി ലഭിക്കുന്നതാണ് ഈ മറുപടി.
ഇതുവരെ അധികൃതർ ഇതു നന്നാക്കുന്നതിനു നടപടിയെടുത്തിട്ടില്ല. 04924 222290 എന്ന ലാന്റ് ഫോണ്‍ നന്പറും സ്ഥിരം പോലീസിനെ വിളിച്ചാൽ കിട്ടുന്ന നൂറു നന്പറും ഒരുമിച്ച് കണക്റ്റ് ചെയ്തതിലുള്ള ബുദ്ധിമുട്ടുമൂലമാണ് ടെലിഫോണ്‍ പ്രവർത്തനരഹിതമാകുന്നതെന്നാണ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ പറയുന്നത്.
പോലീസുകാർ തന്നെ എക്സ്ചേഞ്ചിൽ വിളിച്ച് പലതവണ പരാതിപ്പെട്ടിട്ടും ഫോണ്‍ സംവിധാനം കുറ്റമറ്റതാക്കാൻ കഴിഞ്ഞില്ല. മിക്ക പോലീസുകാർക്കും മൊബൈൽ നന്പർ ഉള്ളതിനാൽ ഇവർ തമ്മിലുള്ള ബന്ധപ്പെടൽ സാധ്യമാകും. എന്നാൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ട സാധാരണക്കാരാണ് വലയുന്നത്.
അത്യാഹിതം ഉണ്ടായാൽപോലും പോലീസിനെ വിളിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പോലീസ് മേലധികാരികളാകട്ടെ ഇതൊന്നും കണ്ടമട്ടും നടിക്കുന്നില്ല. മണ്ണാർക്കാട് പോലീസ് സർക്കിൾ ഓഫീസിലേക്കും ഈ നന്പർ തന്നെയാണ് കണക്റ്റ് ചെയ്യാറുള്ളത്. ഇവിടെയും ഫലത്തിൽ ടെലിഫോണ്‍ ഇല്ലാത്ത സ്ഥിതിയാണ്.
മണ്ണാർക്കാട്, നാട്ടുകൽ, കല്ലടിക്കോട് പോലീസ് സ്റ്റ്ഷേനുകൾ മണ്ണാർക്കാട് സർക്കിളിനു കീഴിലാണ്. പുതിയ ടെലിഫോണ്‍ കണക്ഷൻ എടുത്താണെങ്കിലും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാകും. മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ ടെലിഫോണ്‍ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.