ശബരിമല: ശബരിമലയില്‍ മികച്ച ഇന്റര്‍നെറ്റ്-ടെലിഫോണ്‍ സേവനങ്ങളുടെ ശൃംഖല ഒരുക്കി ബിഎസ്എന്‍എല്ലിന്റെ സജീവ സാന്നിധ്യം. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 365 ദിവസവും പ്രവര്‍ത്തന സജ്ജമായ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍, കൂടാതെ സീസണില്‍ ശബരിമലയിലും പമ്പയിലും കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, നിലയ്ക്കലില്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.
പ്രധാനമായുംദേവസ്വംബോര്ഡ്, പോലീസ്, വനം, കെഎസ്ഇബി, ജലവകുപ്പ്, ഫയര്‍ഫോഴ്സ് തുടങ്ങി സര്‍ക്കാര്‍ വകുപ്പുകള്‍, മാധ്യമങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള ലാന്‍ഡ്ലൈന്‍, ബ്രോഡ്ബാൻഡ്, എഫ്ടിടിഎച്ച്, ലീസ്ഡ് ലൈന്‍ നെറ്റ്വര്ക്കുകള്, 3എ ഉള്‍പ്പെടെയുള്ള മൊബൈല്‍ സേവനങ്ങളും നല്കുന്നു. ഇതിനായി സന്നിധാനം, ശരംകുത്തി, പമ്പ, അട്ടത്തോട്, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ അധിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുന്നാറിലേക്കുള്ള അധിക മൊബൈല്‍ കവറേജും ലഭ്യമാക്കിയിട്ടുണ്ട്. എമര്‍ജന്‍സി മെഡിക്കല്‍, ഓപ്പറേഷന് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹോട്ട്ലൈന്‍ സൗകര്യം, ഭക്തജനങ്ങള്‍ക്ക് ഏത് ഫോണില്‍നിന്നും പോലീസ് ഹൈല്‍പ്ലൈന്‍ ലഭിക്കുന്ന 12890 സേവനവും ലഭ്യമാണ്.
മകരവിളക്ക് സമയത്ത് മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അധിക നെറ്റ്വര്‍ക്ക് സൗകര്യങ്ങളും പുല്‍മേട് റൂട്ടില്‍ എല്ലായിടത്തും മൊബൈല്‍ കവറേജും ലഭ്യമാക്കി വരുന്നു. ഈ സീസണില്‍ ഇതുവരെ പരാതിരഹിതമായ സേവനമാണ് ബിഎസ്എന്‍എല്‍ നല്‍കിവരുന്നത്.
സന്നിധാനത്തെ തീര്ഥാടനകാലപ്രവര്ത്തനങ്ങള് തൃപ്തികരമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല: തീര്‍ഥാടനകാലം ഒരുമാസം പിന്നിടുമ്പോള്‍ ദേവസ്വം ബോര്‍ഡ്, വിവിധ സര്‍ക്കാര്‍വകുപ്പുകള്‍, സന്നദ്ധസേവാ സംഘങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും ഏകോപനവും തൃപ്തികരമാണെന്നും തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ ദര്‍ശനം നടത്തുവാന്‍ സാധിക്കുന്നുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു സന്നിധാനത്ത് ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. അരവണ-അപ്പം വിതരണം പമ്പയിലും ആരംഭിച്ചത് തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡിന്റെ അന്നദാന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
ശബരിമലയിലെ മൊത്തം വരവിനത്തില്‍ ശനിയാഴ്ച വരെ 104 കോടി രൂപ (കഴിഞ്ഞവര്‍ഷം 64 കോടിരൂപ), അരവണ വില്പന ഇനത്തില്‍ 43.4കോടി രൂപ (കഴിഞ്ഞവര്‍ഷം 23.8 കോടി രൂപ), അപ്പം വില്പന ഇനത്തില്‍ 6.4കോടി രൂപ (കഴിഞ്ഞവര്‍ഷം 2.2കോടി രൂപ) കാണിക്ക വരവില്‍ 35.5കോടി രൂപ(കഴിഞ്ഞവര്‍ഷം 25.6കോടിരൂപ), താമസവാടക ഇനത്തില്‍ 1.8കോടി രൂപ (കഴിഞ്ഞവര്‍ഷം 1.16കോടി രൂപ), അഭിഷേക ഇനത്തില്‍ 84ലക്ഷം രൂപ (കഴിഞ്ഞവര്‍ഷം 55ലക്ഷം രൂപ) എന്നിങ്ങനെയാണ് വരവ് കണക്കുകള്‍.
ഈ തീര്‍ഥാടനകാലത്ത് അഞ്ച്കോടിയോളം മൂല്യംവരുന്ന നാണയത്തുട്ടുകള്‍ എണ്ണാനുണ്ടെന്നും അവ തിരുപ്പതി മാതൃകയില്‍ വിവിധ മൂല്യങ്ങളിലുള്ള നാണയത്തുട്ടുകളുടെ തൂക്കം അടിസ്ഥാനപ്പെടുത്തി മൂല്യ നിര്‍ണയം നടത്താനാണ് ദേവസ്വംബോര്‍ഡ് ആലോചിക്കുന്നത്. ഇതിനായി ഒരു സമിതി രൂപീകരിച്ച് കോടതിയുടെ അനുമതിയോട് തുടര്‍നടപടികള്‍ എടുക്കുമെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
പമ്പയില്‍ ജലനിരപ്പ് താഴുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന് ഡാം തുറന്നുവിട്ട് വെള്ളം ക്രമീകരിക്കുന്നതിന് ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡിന്റെ പരിഗണനയിലുള്ള പമ്പ മുതല്‍ സന്നിധാനം വരെയുള്ള റോപ്പ്-വേ സംവിധാനം നടപ്പാക്കുന്നതിന് വനംവകുപ്പിന്റെ മണ്ണ് പരിശോധന ഫലം കൂടി ലഭിക്കേണ്ടതുണ്ട്. ബദല്‍ സംവിധാനമായി നിലയ്ക്കല്‍-സന്നിധാനം റോപ്പ്-വേ സ്ഥാപിക്കുന്നതിനുള്ള സാധ്യത ബോര്‍ഡിന്റെ പരിഗണനയില്‍ ഉണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
ആയുര്സാന്ത്വനം
ശബരിമല: മണ്ഡലകാലം തുടങ്ങിയത് മുതല്‍ സന്നിധാനം സര്‍ക്കാര്‍ ആയുര്‍വേദ ഹോസ്പിറ്റലില്‍ 18,228 തീര്‍ഥാടകര്‍ ചികിത്സ തേടിയെത്തി. തീര്‍ഥാടകര്‍ക്ക് ആവശ്യമായ പരിചരണം നല്കുവാന് അഞ്ച് ഡോക്ടര്‍മാര്‍, രണ്ട് തെറാപ്പിസ്റ്റുകള്‍, രണ്ട് നഴ്സിംഗ് അസിസ്റ്റന്റുമാര്‍, മൂന്ന് ഫാര്‍മസിസ്റ്റുകള്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്നിധാനത്തെ സര്‍ക്കാര്‍ ആയുര്‍വേദ ഹോസ്പിറ്റലില്‍ ഉള്ളതെന്ന് മെഡിക്കല്‍ ഓഫീസര്‍ ആര്. വി. അജിത് അറിയിച്ചു.
സന്നിധാനത്ത് പോലീസിന്റെമൂന്നാം ബാച്ച് ചുമതലയേറ്റു
ശബരിമല: മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ചുമതലയേറ്റു. സ്പെഷല്‍ ഓഫീസര്‍ ആര്. ആദിത്യയുടെ നേതൃത്വത്തിലാണ് ഫേസ് സി ബാച്ച് ചുമതല ഏറ്റെടുത്തത്. ആര് വിശ്വനാഥ അഡീഷണല്‍ സ്പെഷല്‍ ഓഫീസറും പൃഥ്വി രാജ് അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസറുമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 1345 പോലീസുകാരാണ് സി ഫേസില്‍ ഡ്യൂട്ടിയിലുള്ളത്.
സോപാനം, കൊടിമരം, പതിനെട്ടാംപടി, പ്രധാന നടപ്പന്തല്‍, വെര്‍ച്വല്‍ ക്യൂ, മാളികപ്പുറം, മരക്കൂട്ടം, ശരംകുത്തി, പാണ്ടിത്താവളം എന്നിവിടങ്ങളിലാണ് പോലീസിന്റെ സേവനം ലഭിക്കുന്നത്.സന്നിധാനത്തെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചുമതല ഒഴിയുന്ന സ്പെഷല്‍ ഓഫീസര്‍ ഡോ. ശ്രീനിവാസ് പുതിയ ബാച്ചിനുള്ള നിര്‍ദേശങ്ങള്‍ നല്കി. പമ്പയിലും മൂന്നാം ബാച്ച് ഇന്നലെ ചുമതലയേറ്റു.
സ്പെഷല്‍ ഓഫീസര്‍ ഷാജി സുഗുണനാണ് ചുമതല. അങ്കിത് അശോകനാണ് അഡീഷണല്‍ സ്പെഷല്‍ ഓഫീസര്‍. 633 പോലീസുകാരാണ് യു ടേണ്‍, ഗണപതി കോവില്‍, ഹില്‍ടോപ്പ്, ത്രിവേണി, കണ്ട്രോള് റൂം തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാവുക. 29 വരെയാണ് പമ്പയിലും സന്നിധാനത്തും പുതിയ ബാച്ചിന് സുരക്ഷാ ചുമതലയുള്ളത്.