നെടുമ്പാശേരി: കൊച്ചി അന്താരാഷ് ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ച ബിഎസ്എൻഎൽ ജീവനക്കാരനെ ഉദ്യോഗാർഥികൾ പിടികൂടി പോലീസിന് കൈമാറി. കൂട്ടുപ്രതികളായ രണ്ടുപേർ പോലീസിന് പിടികൊടുക്കാതെ ഓടി രക്ഷപ്പെട്ടു. ആലുവ മാളികംപീടിക പട്ടവാതുക്കൽ ഷംസുദ്ദീൻ എന്ന് വിളിക്കുന്ന സൈനുദ്ദീൻ (57)ആണ് അറസ്റ്റിലായത്.
ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം ഗാന്ധിനഗറിൽ ബിഎസ്എൻഎൽ ഓഫീസിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനാണ് പിടിയിലായ പ്രതി. റഷീദ്, മനോജ് എന്നിവരാണ് മുങ്ങിയതെന്ന് ഷംസുദ്ദീൻ പോലീസിനോട് പറഞ്ഞു.ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഷംസുദ്ദീന്റെ നേതൃത്വത്തിൽ, ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 22 ഓളം ഉദ്യോഗാർഥികളെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കെന്ന പേരിൽ വിമാനത്താവള പരിസരത്തേക്ക് വിളിച്ചുവരുത്തിയത്.
വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിലേക്ക് തിരിയുന്ന ഭാഗത്ത് തമ്പടിച്ചാണ് സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചത്. ഉദ്യോഗാർഥിയായ മൂവാറ്റുപുഴ സ്വദേശി സെബിന് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് വിവരം നെടുമ്പാശേരി പോലീസിൽ അറിയിക്കുകയായിരുന്നു.
ഇതോടെ രക്ഷപ്പെടാൻ ശ്രമിച്ച ഷംസുദീനെ ഉദ്യോഗാർഥികൾ തടഞ്ഞുവച്ചു. ഇതിനിടെ റഷീദും മനോജും സ്ഥലംവിട്ടു. പലരിൽ നിന്നായി ശേഖരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ചാണ് വിമാനത്താവളത്തിൽ ഇവർ ജോലി വാഗ്ദാനം ചെയ്തിരുന്നത്. സർട്ടിഫിക്കറ്റ് പരിശോധനകൾക്ക് ശേഷം പണം നൽകണമെന്നായിരുന്നു ആവശ്യം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കിടെ തന്നെ തട്ടിപ്പ് പുറത്തായതിനാൽ ആരുടെയും പണം നഷ്ടമായിട്ടില്ല.
വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം അസിസ്റ്റന്റ്, സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്.
മുങ്ങിയ പ്രതികൾക്കാണ് കൂടുതൽ വിവരങ്ങൾ അറിയാവുന്നതെന്നും താൻ ഇവരുടെ സഹായായിട്ടാണ് ഇവിടെയെത്തിയതെന്നുമാണ് ഷംസുദ്ദീന്റെ വിശദീകരണം. റിക്രൂട്ട്മെന്റിനായി സിയാൽ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സെക്യൂരിറ്റി വിഭാഗം ഓഫീസർ സോണി ഉമ്മൻ കോശിയും നെടുമ്പാശേരി പോലീസിനെ അറിയിച്ചതായി സിഐ പി.എം. ബൈജു, എസ്. സോണി മത്തായി എന്നിവർ പറഞ്ഞു.