പത്തനംതിട്ട: ബിഎസ്എൻഎൽ ജീവനക്കാരും കരാർ തൊഴിലാളികളും ആരംഭിച്ച സമരം തുടരുന്പോൾ ബുദ്ധിമുട്ടിലായത് ഉപയോക്താക്കൾ. ഗ്രാമീണ മേഖലയിലെ എക്സ്ചേഞ്ചുകളിൽ കഴിഞ്ഞ പത്തുദിവസമായി ടെലിഫോണ്‍, ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലാണ്.
കരാർ തൊഴിലാളികൾ സമരം ആരംഭിച്ചതോടെ എക്സ്ചേഞ്ചുകളിലെ ഫോണുകൾ നിലച്ചതാണ്. പിന്നീട് എല്ലാവിഭാഗം ജീവനക്കാരും സമരം തുടങ്ങി. ഇതോടെ എക്സ്ചേഞ്ചുകൾ അടക്കം പൂട്ടിയനിലയിലായി. ഓഫീസുകൾ തുറക്കാതായതോടെ പരാതികൾ സ്വീകരിക്കാനും ആളില്ലാത്ത സ്ഥിതിയാണ്.
സ്വകാര്യ ടെലിഫോണ്‍ കന്പനികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎൽ സമരം നീളുന്നതെന്ന് ആക്ഷേപമുണ്ട്. സ്വകാര്യ കന്പനികൾ പലരും തങ്ങളുടെ നെറ്റ് വർക്ക് ശൃംഖല ഗ്രാമീണ മേഖലകളിലേക്ക് വിപുലപ്പെടുത്തിവരികയാണ്.
പത്തനംതിട്ട ജില്ലയിലെ ഗ്രാമീണ ടെലിഫോണ്‍ എക്സ്ചേഞ്ചുകളെയാണ് സമരം ഏറെ ബാധിച്ചിട്ടുള്ളത്. തിരുവല്ല മേഖലയിലെ പല എക്സ്ചേഞ്ചുകളിലും സമരം ആരംഭിക്കുന്നതിനു മുന്‍പായി കരാർ ജീവനക്കാർ ടെലിഫോണ്‍, ബ്രോഡ്ബാൻഡ് കണക്ഷനുകൾ തകരാറിലാക്കിയിരുന്നു.