കോട്ടയം: ബിഎസ്എൻഎൽ കരാർ തൊഴിലാളികൾ സമരത്തിലായതോടെ മെഡിക്കൽ കോളജ് പ്രദേശത്ത് ലാൻഡ് ഫോണ്‍, ഇന്റർനെറ്റ് കണക്ഷനുകൾ തകരാറിലായി. കഴിഞ്ഞ 12 ദിവസമായി മെഡിക്കൽ കോളജ് പ്രദേശത്തെ നിരവധി ടെലിഫോണുകൾ തകരാറിലാണ്.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് തൊഴിലാളി സമരം. കരാർ തൊഴിലാളികളെ അന്യായമായി സ്ഥലം മാറ്റിയെന്നാണ് അവരുടെ പരാതി. സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് തൽസ്ഥാനത്ത് കരാർ തൊഴിലാളികളെ നിയോഗിച്ചു. ഇതോടെ ലൈൻ അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന തൊഴിലാളികളുടെ എണ്ണം കുറഞ്ഞു.
തകരാർ പരിഹരിക്കാൻ ആളില്ലാതെ വന്നതോടെയാണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടത്. ഇന്റർനെറ്റ് , ടെലിഫോണ്‍ സംവിധാനങ്ങൾ പ്രവർത്തന രഹിതമായതോടെ പല സ്ഥാപനങ്ങളും പ്രവർത്തന രഹിതമായി.