പോത്താനിക്കാട്: അടിക്കടിയുണ്ടാകുന്ന തകരാർ മൂലം ബിഎസ്എൻഎൽ മൊബൈൽ കണക്ഷനുകളിൽനിന്ന് ഫോൺ വിളി മുടങ്ങുന്നതോടെ ഉപഭോക്താക്കൾ കണക്ഷനുകൾ ഉപേക്ഷിക്കാനൊരുങ്ങുന്നു.
കിഴക്കൻ മേഖലയിലെ ബിഎസ്എൻഎൽ മൊബൈൽ ഉപഭോക്താക്കളാണ് കണക്ഷൻ വിച്ഛേദിക്കാൻ നിർബന്ധിതരായിരിക്കുന്നത്. സ്വിച്ച് ഓഫ്, പരിധിക്കുപുറത്ത്, നെറ്റ് വർക്ക് തകരാർ തുടങ്ങിയ മറുപടികൾ മാത്രമാണ് നിലവിൽ ഫോണ് വിളിക്കുന്പോൾ ലഭിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കണക്ഷൻ വിച്ഛേദിക്കാൻ നിർബന്ധിതരായിരിക്കുന്നത്. പൈങ്ങോട്ടൂർ, പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലായി ഒരു ഡസനോളം ടവറുകൾ ബിഎസ്എൻഎലിനുണ്ട്. എന്നാൽ പലപ്പോഴും ടവറിനു കീഴിൽനിന്നു ഫോണ് ചെയ്താൽ പോലും കവറേജ് ലഭിക്കാറില്ല.
അധികൃതരുമായി ബന്ധപ്പെടുന്പോൾ മുടന്തൻ ന്യായങ്ങൾ നിരത്തി ഒഴിവാകുകയാണ്. അധികൃതരുടെ നിസംഗത മനപൂർവമോ സ്വകാര്യ കന്പനിയുമായുള്ള ഒത്തുകളിയോ എന്ന സംശയത്തിലാണ് പൊതുജനങ്ങൾ.