ചെറുവത്തൂര്‍: ബിഎസ്എന്‍എല്‍ ചെറുവത്തൂര്‍ ഓഫീസിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടവറിനു തീയിട്ട സംഭവത്തില്‍ അറസ്റ്റിലായ കോഴിക്കോട് മലാപ്പറമ്പിലെ ഓട്ടോ ഡ്രൈവറും പിലിക്കോട് മട്ടലായില്‍ താമസക്കാരനുമായ അലക്‌സ് ഫെലിക്‌സി(48)നെ ഇന്നു ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും. ലക്ഷക്കണക്കിനു രൂപയുടെ സാമഗ്രികളാണു കത്തി നശിച്ചത്. വിവിധ മൊബൈല്‍ കമ്പനികളുടെ നെറ്റ്‌വര്‍ക്ക് സംവിധാനം താറുമാറായി. ചെറുവത്തൂര്‍ റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ബിഎസ്എന്‍എല്ലിന്റെ സംവിധാനം ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ടവറിനാണ് തീയിട്ടത്. ടവറില്‍ പ്രവര്‍ത്തിച്ച റിലയന്‍സ്, ജിയോ, ബിഎസ്എന്‍എല്‍, എയര്‍ടെല്‍ എന്നിവയുടെ ഔട്ട്‌ഡോര്‍ യൂണിറ്റ് കേബിളുകളും താഴെയുള്ള കാബിനും മറ്റു ഉപകരണങ്ങളും പൂര്‍ണമായി കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ 2.30ഓടെ തീവച്ചു നശിപ്പിച്ചത്. ടവറിന് തീപിടിച്ചതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്‍, റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവയ്ക്കുമായി 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണു കണക്കാക്കിയിട്ടുള്ളത്. ഇതില്‍ ജിയോക്ക് 20 ലക്ഷത്തിന്റെയും ബിഎസ്എന്‍എല്‍, എയര്‍ടെല്‍ എന്നിവക്ക് അഞ്ചു ലക്ഷം രൂപയുടെ നഷ്ടവുമാണ് കണക്കാക്കിയിട്ടുള്ളത്.
തെങ്ങോല, മണ്ണെണ്ണ, മരക്കഷണങ്ങള്‍, ചകിരി എന്നിവ ഉപയോഗിച്ച് കേബിളുകള്‍ക്ക് തീയിടുകയായിരുന്നുവെന്നാണു കണ്ടെത്തിയത്. കേബിളിലൂടെ തീ കാബിന്‍, ടവര്‍ എന്നിവയിലേക്കു പടരുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചന്തേര പോലീസും തൃക്കരിപ്പൂര്‍ അഗ്നിശമനസേനയും എത്തുമ്പോഴേയ്ക്കും തീ അണച്ചിരുന്നു. ഡിവൈഎസ്പി കെ.ദാമോദരന്‍, നീലേശ്വരം സിഐ യു.ഉണ്ണികൃഷ്ണന്‍, ചന്തേര പ്രിന്‍സിപ്പല്‍ എസ്.ഐ അനൂപ്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. സംഭവം സംബന്ധിച്ച് റിലയന്‍സ് ജിയോ ഇന്‍ഫോ ടെക്‌നീഷ്യന്‍ കെ.കൃപേഷിന്റെ പരാതിയിലാണ് പോലീസ് പത്തു മണിക്കൂറിനുള്ളില്‍ പ്രതിയെ തിരിച്ചറിഞ്ഞത്. ടെലിഫോണ്‍ എക്‌ചേഞ്ചിന് സമീപത്തെ സ്വകാര്യ സ്ഥാപങ്ങളിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും സൂചന ലഭിച്ച പോലീസ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അലക്‌സിനെ രാത്രിയോടെ അറസ്റ്റു ചെയ്യുകയായിരുന്നു. ബിഎസ്എല്‍എല്‍ ഓഫീസിന്റെ മതില്‍ ചാടിക്കടന്നാണ് പ്രതി അകത്ത്
കടന്നതെന്ന വിവരത്തില്‍ നിന്നാണ് സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശേധിച്ചത്. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുളള ടവറുകളില്‍ അപകടങ്ങള്‍ തിരിച്ചറിയാനുള്ള സംവിധാനങ്ങളും മറ്റു സുരക്ഷാ ക്രമീകരണങ്ങളുമില്ലാത്തതാണ് കയ്യേറ്റങ്ങളുണ്ടാകാന്‍ കാരണമെന്നാണു വിലയിരുത്തുന്നത്. സുരക്ഷയുടെ ഭാഗമായി സിസി ടിവി യോ മറ്റു സംവിധാനങ്ങളോ ഒന്നും ഇവിടെയില്ല. സുരക്ഷയുടെ ഭാഗമായി രാത്രിയില്‍ ഒരു വാച്ച്മാന്‍ മാത്രമാണിവിടെയുള്ളത്. രണ്ടു മാസം മുമ്പ് ദേശീയ പാതയോരത്തുള്ള ചെറുവത്തൂര്‍ കാനറാ ബാങ്കിന് സമീപത്തെ സ്വകാര്യ മൊബൈല്‍ ടവറിനും ആറ് മാസം മുമ്പ് ചെറുവത്തൂരിനടുത്ത് കണ്ണാടിപാറയിലെ വൈദ്യുതി സബ്‌സ്‌റ്റേഷനില്‍ നിന്നും
പിലിക്കോട് ഫീഡറിലേക്കുള്ള വൈദ്യുതി കേബിളുകളും തീവച്ചു നശിപ്പിച്ചതും താനാണെന്നു പ്രതി പോലീസിനോടു സമ്മതിച്ചു.