കുളത്തുപ്പുഴ :കുളത്തുപ്പുഴ എക്സർവീസ്മെൻ കോളനിയിൽ ഹൈടെക്ക് ഡയറി ഫാമിനുള്ളിൽ ബിഎസ്എന്‍എല്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ടവർ പ്രവർത്തന സജ്ജമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. ഹൈടെക്ക് ഡയറി ഫാമിനുള്ളിൽ ടവർ സ്ഥാപിച്ചിട്ടു രണ്ടു വർഷത്തിൽ അധികമായി. നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കിയ ടവർ ഇനിയും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.
ഈ ടവർ പ്രവർത്തനക്ഷമമായാല്‍ വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കട്ടിളപ്പാറ, മരുതിമൂട്, നെടുവന്നൂർ കടവ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും. വനപ്രദേശം ആയതിനാൽ വന്യ മൃഗങ്ങളുടെ ശല്യം അടക്കം ഉണ്ടായാൽ നിലവിൽ പുറം ലോകവുമായി ബന്ധപ്പെടാൻ ഇവിടെ യാതൊരു മാർഗവുമില്ല. തെന്മല ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട സർക്കാർ ടൂറിസം പദ്ധതി ആവിഷികരിച്ച മാൻ സങ്കേതം അടക്കമുള്ള കട്ടിളപ്പാറയിൽ സ്വകാര്യം മൊബൈൽ കമ്പനികളുടെ സേവനം പോലും ലഭ്യമല്ല.
വന്യമൃഗ ശല്യമോ എന്തെങ്കിലും അത്യാഹിതമോ ഉണ്ടായാൽ പുറം ലോകവുമായി ബന്ധപ്പെടാൻ മാർഗം ഇല്ലെന്ന് വനപാലകർ തന്നെ പറയുന്നു. സർക്കാർ സിംകാര്‍ഡുകള്‍ അടക്കം ബിഎസ്എന്‍എല്‍ ആയതിനാൽ ടവർ പ്രവർത്തിച്ചാൽ അത് ഏറെ പ്രയോജനകരമാകും എന്നും സെക്ഷന്‍ ഫോറെസ്റ്ററായ സുഹൃദ് വര്‍ത്തി പറഞ്ഞു. പലതവണ ബന്ധപെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലന്ന് നാട്ടുകാരനും പൊതുപ്രവര്‍ത്തകനുമായ ജോണി പറഞ്ഞു.
കെഎല്ഡിബോര്ഡിന് സമീപത്തെ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ എന്‍.കെ. പ്രേമചന്ദ്രൻ എംപിയോട് നാട്ടുകാര്‍ ഇക്കാര്യം പറഞ്ഞിരുന്നു. ബിഎസ്എന്‍എല്‍ അധികാരികളുമായി ബന്ധപെട്ട് അടിയിന്തിര നടപടി ഉണ്ടാകുമെന്ന് ഉറപ്പു നല്കി മാസങ്ങള്‍ കഴിയുമ്പോഴും ടവര്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ല. ബിഎസ്എന്‍എല്‍ ടവര്‍ നിര്‍മ്മിച്ചിരിക്കുന്ന കെഎല്‍ഡി ബോര്‍ഡ് ഓഫീസിലേക്ക് സമരങ്ങള്‍ അടക്കം സംഘടിപ്പിക്കാനാണ് ഇപ്പോള്‍ നാട്ടുകാരുടെ തീരുമാനം