പെരുവന്താനം: ബിഎസ്എൻഎല്ലിന്റെ ടവർ പെരുവന്താനത്ത് എന്തിനാണെന്ന് നാട്ടുകാർ. ടവറിന്റെ കീഴിൽ നിന്നു മൊബൈൽ ഫോണിൽ വിളിച്ചാൽ പോലും റേഞ്ചില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഓഫറുകളും പരസ്യങ്ങളും നൽകി ഉപയോക്താക്കളെ ബിഎസ്എൻഎൽ കബളിപ്പിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മുന്പ് ഈ ടവറിൽ നിന്നുമായിരുന്നു പ്രദേശമാകെ കവറേജ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ ടവർകൊണ്ട് യാതൊരു പ്രയോജനവുമില്ല. സ്വകാര്യ കന്പനികളെ സഹായിക്കാനാണ് ടവറിന്റെ ശേഷി കുറച്ചതെന്ന് ആരോപണമുണ്ട്.
ഒരാഴ്ച മുന്പ് ടവറിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിനുശേഷമാണ് കവറേജ് ലഭിക്കാത്തതെന്ന് പറയപ്പെടുന്നു. അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവും ഇല്ല.
മുന്പ് മൊബൈലിന്റെ ഉപയോഗം ആരംഭിച്ചപ്പോൾ ഇവിടുത്തുകാർ പലരും ബിഎസ്എൻഎല്ലിന്റെ കണക്ഷനായിരുന്നു എടുത്തത്. എന്നാൽ, മറ്റു കന്പനികൾ കൂടുതൽ ഓഫറുകൾ വാഗ്ദാനം ചെയ്തതോടെ മിക്കവരും സ്വകാര്യ കന്പനികളിലേക്ക് കണക്ഷൻ മാറ്റി.
ബിഎസ്എൻഎല്ലിൽ വിളിച്ചാൽ പണം നഷ്ടമാകുമെന്നാണ് പലരും പറയുന്നത്. മാസങ്ങൾക്ക് മുന്പ് ഫോർജി കണക്ഷൻ ലഭ്യമാകുമെന്ന് കന്പനി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ടുജി പോലും ഇവിടെ ലഭിക്കാറില്ലായെന്ന് ഉപയോക്തക്കൾ പറയുന്നു.