കോട്ടയം: ജോലിക്കാരുടെ കൂട്ടവിരമിക്കലിനെ തുടര്‍ന്നു പ്രവര്‍ത്തനങ്ങള്‍ താറുമാറായ ബിഎസ്എന്‍എലിന് ആശ്വാസമായി വിരമിച്ചവര്‍ താല്കാലികമായി തിരികെ എത്തി. ജില്ലയില്‍ 351 പേരാണു കഴിഞ്ഞ മാസം 31നു വിരമിച്ചത്.
കൂട്ടവിരമിക്കലിനെ തുടര്‍ന്നു ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശ്നത്തിലായെന്നു കണ്ടപ്പോഴാണു താല്കാലികമായി തങ്ങളുടെ സേവനം പ്രയോജനപ്പെടുത്താന്‍ വിരമിച്ചവര്‍ തിരികെ എത്തിയത്. ബിഎസ്എന്‍എലിന്റെ മിക്ക ഓഫീസുകളിലും എക്സ്ചേഞ്ചുകളിലും സ്വമേധയ എത്തിയാണ് മുന്‍ ജീവനക്കാര്‍ സഹായം നല്‍കിയത്.
ഇവരുടെ സേവനം 15 ദിവസത്തേക്കു കൂടി കിട്ടിയാല്‍ കൊള്ളാമെന്ന് അധികൃതര്‍ പറയുന്നു. പ്രായപരിധി കഴിഞ്ഞതും സ്വയം വിരമിച്ചതുമായവര് പടിയിറങ്ങിയതോടെ ജില്ലയില്‍ ബിഎസ്എന്‍എലില്‍ ജോലിക്കാരുടെ എണ്ണം പകുതിയോളമായിരുന്നു. 361 പേര് മാത്രമാണ് ഇപ്പോള്‍ ജോലിക്കാരായി ഉള്ളത്.
സാങ്കേതിക വിഭാഗമാണു കൂട്ടവിരമിക്കലിനെ തുടര്‍ന്നു വളരെ പ്രശ്നത്തിലായത്. പുറത്തുള്ള ഏജന്‍സികളെ ഏല്‍പ്പിച്ചു ജോലികള്‍ തുടര്‍ന്നു പോകാനായിരുന്നു ബിഎസ്എന്‍എല്‍ അധികൃതരുടെ ശ്രമം. ഈ വിഭാഗത്തിലെ ജീവനക്കാരാണ് താല്കാലികമായെങ്കിലും തിരികെ വന്നിരിക്കുന്നത്.
ഏജന്‍സികള്‍ക്കു ജോലികള്‍ നല്‍കുന്നതിനും ഇപ്പോഴുള്ള ജോലിക്കാര്‍ക്കു പുനര്‍വിന്യാസം ഏല്‍പ്പിക്കുന്നതിനും മുന്നോടിയായിട്ടാണു വിരമിച്ചവരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.