വിഴിഞ്ഞം: സജികുമാറിന് കുത്തേറ്റതിന് സമീപത്തെ റെജിയുടെ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് നാട്ടുകാർ.
ഉത്തരേന്ത്യൻ തൊഴിലാളി ക്യാമ്പായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഓഫീസാണ് സാമൂഹ്യ വിരുദ്ധരുടെ താവളമായി പ്രവർത്തിച്ചിരുന്നത്.
മുന്നിൽ കഴുകന്റെ തടി നിർമിത രൂപ സാദൃശ്യമുള്ള ബോർഡിൽ കരിങ്കൽ ബ്രദേഴ്സ് എന്ന പേരും.
കൂടാതെ തേപ്പു വിള എന്ന സ്വയം സൃഷ്ടിയിലുള്ള സ്ഥലപ്പേരുമുണ്ട്. മദ്യപൻമാരെ ആനന്ദിപ്പിക്കാനുള്ള സന്നാഹങ്ങളുടെ ഭാഗമായി ഏറുമാടം പോലുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
എതിർക്കുന്ന നാട്ടുകാരെ ഭീതിയിലാക്കാൻ മാസങ്ങൾക്ക് മുൻപ് റോഡിൽ വൻ ശബ്ദത്തിലുള്ള പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം റെജിയുടെ തന്നെ സ്കോർപ്പിയോ കാറിൽ രക്ഷപ്പെട്ടിരുന്നു.
സിസിടിവിയുടെ സഹായത്തോടെ സംഘത്തെ തിരിച്ചറിഞ്ഞ പോലീസ് കാർ ഉൾപ്പെടെ കണ്ടെത്തി കേസെടുത്തു. എന്നാൽ നിസാര വകുപ്പുകളുടെ പിൻബലത്തിൽ സംഘം രക്ഷപ്പെട്ടു.
സർക്കാരിന്റെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ഓണക്കാലത്തും നിയന്ത്രണങ്ങൾ ലംഘിച്ച് കെട്ടിടത്തിന് മുന്നിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു.
വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ മൈക്ക് സെറ്റ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്ത് സ്റ്റേഷനിൽ എത്തിച്ച് ശക്തമായ താക്കീതും നൽകി.എന്നാൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നിർബാധം തുടർന്നതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം സജികുമാർ കുത്തേറ്റ് വീണതും റെജിയുടെ കെട്ടിടത്തിന് മുന്നിലായിരുന്നു.
കൂടെയുണ്ടായിരുന്നവരുടെ സഹായത്തോടെ സജികുമാറിനെ ആശുപത്രിയിലെത്തിച്ച റെജിയും സംഘവും മരണവിവരമറിഞ്ഞതോടെ മുങ്ങിയതായി വിഴിഞ്ഞം എസ്ഐ അറിയിച്ചു.
പൂജപ്പുരക്ക് സമീപം ഇന്ധനമില്ലാതെ വഴിയിലായ സ്കോർപ്പിയോ കാർ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു.ഇവർക്കായുള്ള അന്വേഷണവും കൂടുതൽ ഊർജിതമാക്കി.
സാമൂഹ്യവിരുദ്ധരുടെ താവളമായ കെട്ടിടം അടച്ച് പൂട്ടണമെന്ന് പ്രതിഷേധക്കാർ
വിഴിഞ്ഞം: വിഴിഞ്ഞം ഉച്ചക്കടയിൽ കൊല്ലപ്പെട്ട സജികുമാറിന്റെ മൃതദേഹം കുത്തേറ്റ് വീണ കെട്ടിടത്തിന്റെ മുന്നിൽ വച്ച് പ്രതിഷേധിക്കാനുള്ള നാട്ടുകാരുടെ ശ്രമം സംഘർഷത്തിന്റെ വക്കിലെത്തി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്ന വഴിയാണ് സജികുമാറിന് കുത്തേറ്റശേഷം ഒളിവിൽ പോയ റെജിയുടെ വാടക കെട്ടിടത്തിനു മുന്നിൽ വച്ച് പ്രതിഷേധിക്കാനുള്ള ശ്രമം നടന്നത്.
സാമൂഹ്യ വിരുദ്ധരുടെ സ്ഥിരം താവളമായ കെട്ടിടവും ഓഫീസും അടച്ച് പൂട്ടണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
തടിച്ച് കൂടിയ നാട്ടുകാർ രോഷാകുലരായതോടെ പോലീസ് ഇടപെട്ടു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
തുടർന്ന് വൈകുന്നേരം നാലരയോടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുകാരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെ അന്തിമോപചാരത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
കത്തി കൊണ്ട് ചെറുകുടലിനേറ്റ മാരകമുറിവാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.പ്രതികളായ മാക്കാൻ ബിജുവിനെയും രാജേഷിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള കത്ത് നാളെ പോലീസ് കോടതിയിൽ ഹാജരാക്കും.
സംഭവശേഷം പ്രതി വലിച്ചെറിഞ്ഞ കത്തിയും കണ്ടെത്താനുണ്ട്.സംഭവ ശേഷം ഒളിവിൽ പോയ റെജി ,സുധീർ, സജി എന്നിവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി നടക്കുന്ന സംഘത്തെ പിടികൂടാൻ ഇന്നലെ വിവിധ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തി.
കൊലപാതകത്തിന്റെ കൂടുതൽകാര്യങ്ങൾ അറിയണമെങ്കിൽ ഇവരെ പിടികൂടി ചോദ്യം ചെയ്യണമെന്ന് വിഴിഞ്ഞം സിഐപ്രജീഷ് ശശി അറിയിച്ചു.