വെടിയുണ്ടകൾപോലെ വരുന്ന വാർപ്പുമാതൃകകളെയും അനാവശ്യ വിമർശനങ്ങളെയും തടയുക- ഒരു സംഗീത ബാൻഡിന്റെ ലക്ഷ്യം ഇതാണെന്നു കേൾക്കുന്പോൾ വിചിത്രമെന്നു തോന്നാം.
എന്നാൽ പ്രശസ്ത കൊറിയൻ പോപ്പ് ഗായകസംഘമായ ബിടിഎസ് അതു വെറുതെ പറയുന്നതല്ല. ബിടിഎസ് എന്നതു സൂചിപ്പിക്കുന്ന ബാങ്ടൻ സോണിയൊൻഡൻ എന്ന കൊറിയൻ വാക്കിന്റെ അർഥം ബുള്ളറ്റ്പ്രൂഫ് ബോയ് സ്കൗട്ട്സ് എന്നാണ്.
അതെ, ബുള്ളറ്റ്പ്രൂഫ്! ഒരു വെടിയുണ്ടയെയും അകത്തുകടത്താത്ത ഉരുക്കുചട്ട. ഒരു പൂർണരൂപംകൂടിയുണ്ട് ബിടിഎസിന്. അത് ബിയോണ്ട് ദ സീൻ എന്നതാണ്. എന്തുതടസവും തിരിച്ചടിയും വന്നോട്ടെ, ഈ ചെറുപ്പക്കാരുടെ കൂട്ടം അതിനപ്പുറം കടന്നു മുന്നേറും എന്നാണ് അതു സൂചിപ്പിക്കുന്നത്.
വെടിയുണ്ടകളെ തടയാൻ ചട്ടയണിഞ്ഞവർ ഇതാ ഒരു വൻ സ്ഫോടനം ഉണ്ടാക്കിയിരിക്കുന്നു. പോപ് സംഗീതത്തിന്റെ മഹാ വിസ്ഫോടനം. ഡൈനമൈറ്റ് എന്നാണ് ആ സ്ഫോടനത്തിന്റെ പേര്. കഴിഞ്ഞ 20ന് യുട്യൂബിൽ അപ്ലോഡ് ചെയ്ത ഡൈനമിറ്റ് എന്ന ഗാനം 28 കോടി തവണയാണ് ഇതുവരെ, അതായത് ഈ കുറിപ്പു തയാറാക്കുന്നതുവരെ, പ്ലേ ചെയ്തിരിക്കുന്നത്.
ഒരോ മിനിറ്റിലും പതിനായിരക്കണക്കിനു കാഴ്ചക്കാർ കൂടുന്നു. യുട്യൂബിന്റെ റെക്കോർഡുകൾ തകർന്നടിയുന്നു! റിലീസ് ചെയ്ത് 24 മണിക്കൂറിനകം ഏറ്റവുമധികം വ്യൂസ് നേടിയ വീഡിയോ എന്ന റെക്കോർഡ് ഇപ്പോൾ ബിടിഎസിനു സ്വന്തം. കെപോപ്പ് ബാൻഡ് ബ്ലാക്ക്പിങ്കിന്റെ റെക്കോർഡാണ് അവർ തകർത്തത്.
തുടക്കം 2010ൽ
പത്തുകൊല്ലം മുന്പാണ് ദക്ഷിണ കൊറിയൻ പയ്യന്മാർ ബിടിഎസ് എന്ന ബാൻഡിന് രൂപം നൽകിയത്. വി, സുഗ, ജംങ് കൂക്ക്, റാപ് മോണ്സ്റ്റർ, ജെ-ഹോപ്, ജിൻ, ജിമിൻ എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. മൂന്നുകൊല്ലമെടുത്തു ആദ്യ ആൽബം പുറത്തിറക്കാൻ.
നോ മോർ ഡ്രീം എന്ന പേരിലുള്ള ആ ആൽബം ഹിറ്റായിരുന്നു. പിന്നെ തൊട്ടതെല്ലാം പൊന്നാക്കിയാണ് അവരുടെ ജൈത്രയാത്ര. ആദ്യ ഇംഗ്ലീഷ് സിംഗിളാണ് ഡൈനമൈറ്റ്.
ബി-സൈഡ്
വീണ്ടും റെക്കോർഡുകൾ ലക്ഷ്യമിട്ട് പുതിയ വീഡിയോയും അവർ പുറത്തിറക്കിക്കഴിഞ്ഞു. ഡൈനമൈറ്റ് ഗാനം ചിത്രീകരിച്ചതിന്റെ കഥയാണ് ബി-സൈഡ് വേർഷൻ ഓഫ് ഡൈനമൈറ്റ് എന്ന പേരിൽ കഴിഞ്ഞദിവസം യുട്യൂബിൽ റിലീസ് ചെയ്തത്. അതും ദശലക്ഷക്കണക്കിനു വ്യൂസ് നേടി കുതിക്കുന്നു.
ഗൂഗിളിൽ ഇപ്പോൾ ചൂടൻ വിഷയമാണ് ബിടിഎസ്. സെർച്ചുകളിൽ അവർ നിറയുന്നു. കൂടുതൽ ആളുകൾ തെരഞ്ഞ വിഷയങ്ങൾ രസകരമാണ്.
ബിടിഎസ് അംഗങ്ങൾക്ക് ഗേൾഫ്രണ്ട്സ് ഉണ്ടോ, എങ്ങനെയാണ് ബിടിഎസ് ഇത്ര സ്വീകാര്യത നേടിയത്, ബിടിഎസ് ഇംഗ്ലീഷിൽ പാടുമോ, ബിടിഎസ് അംഗങ്ങൾ പുകവലിക്കുമോ, ആരാണ് ജിമിന്റെ ഭാര്യ, ജെ-ഹോപിന്റെ ഐക്യൂ എത്രയാണ്… എന്നിങ്ങനെ പോകുന്നു തെരച്ചിലുകൾ.
ഏതാനും വർഷങ്ങൾക്കുമുന്പാണ് സൈ എന്ന കൊറിയൻ ഗായകൻ ഓപണ് ഗങ്നം സ്റ്റൈൽ എന്ന പാട്ടുമായെത്തി കൊടുങ്കാറ്റു സൃഷ്ടിച്ചത്. യുട്യൂബിൽ ഏറ്റവുമധികം തവണ പ്ലേ ചെയ്യപ്പെട്ട വീഡിയോ എന്ന നിലയിൽവരെ ആ പാട്ട് ഉയർന്നു.
ഇപ്പോൾ സൈ എവിടെ എന്നു സെർച്ച് ചെയ്യുകയാണ് ആരാധകർ. അദ്ദേഹത്തെക്കുറിച്ചുള്ള ഗൂഗിൾ സെർച്ച് ടോപ്പിക്കുകൾ കേൾക്കൂ- സൈക്ക്് എന്തുപറ്റി, സൈ ജീവനോടെയുണ്ടോ അതോ മരിച്ചോ! എന്തായാലും ആ ഗതി ബിടിഎസിനു വരാതിരിക്കട്ടെ എന്നു പ്രതീക്ഷിക്കാം.
തയാറാക്കിയത്: വി.ആർ.