സാധാരണഗതിയില്‍ കുമിളകള്‍ കാണാന്‍ നല്ല ഭംഗിയാണ്. എന്നാല്‍ അതേ കുമിളകള്‍ ശരീരം നിറച്ച് വരികയാണെങ്കിലോ. ചിന്തിക്കാന്‍ പോലും സാധിക്കില്ലല്ലേ. ചെറിയൊരു മുഖക്കുരു വന്നാല്‍ പോലും ആകുലരാകുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് മുഹമ്മദ് ഉമാര്‍ എന്ന 62 കാരന്റെ ജീവിതം. കുമിള മനുഷ്യന്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത് തന്നെ. തെരുവില്‍ അലയുന്ന മൃഗങ്ങളോട് കാണിക്കുന്ന പരിഗണനപോലും ആളുകള്‍ തന്നോട് കാണിക്കാറില്ല എന്നാണ് ഉമര്‍ പറയുന്നത്. പതിനാലാം വയസിലാണ് ശരീരത്തില്‍ അവിടിവിടെയായി ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ക്രമേണ ശരീരം മുഴുവന്‍ പലവലിപ്പത്തിലുള്ള മുഴകള്‍ കൊണ്ട് നിറഞ്ഞു. ആര്‍ക്കും ഒരുപദ്രവവും ചെയ്യാത്ത ആളാണ് ഞാന്‍. ജോലി ചെയ്യാന്‍ ആരോഗ്യവും മനസുമുണ്ട്. പക്ഷേ ആരും ജോലി തരാന്‍ തയാറല്ല. അടുത്തുവരാനോ ഒന്നു നോക്കാന്‍ പോലുമോ ആളുകള്‍ക്ക് ഭയമാണ്. ഉമര്‍ പറയുന്നു.
ആരോഗ്യമുള്ള കുട്ടിയായാണ് ഉമര്‍ ജനിച്ചത്. ഉമറിന്റെ അമ്മയ്ക്ക് കൈയ്യില്‍ മാത്രം ഇത്തരത്തിലുള്ള മുഴകളുണ്ടായിരുന്നു. 20ാം വയസിലാണ് ശരീരത്തില്‍ കൂടുതല്‍ മുഴകള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. കല്ല്യാണം കഴിച്ചാല്‍ ജനിക്കുന്ന കുട്ടികള്‍ക്കും ഇത്തരത്തില്‍ മുഴകള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ തന്റെ 28ാം വയസില്‍ ഫറാന്നിസ എന്ന യുവതിയെ പരിചയപ്പെട്ട ഉമര്‍ അവരെ വിവാഹം കഴിച്ചു. ഉമറിന്റെ രോഗാവസ്ഥ മുഴുവന്‍ അറിഞ്ഞുകൊണ്ടും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടുമാണ്, ഫറാന്നിസ വിവാഹത്തിന് തയാറായത്. ഉമറിന്റെ സ്വഭാവം മാത്രമേ താന്‍ പരിഗണിച്ചുള്ളു. അദ്ദേഹം നല്ലൊരു മനുഷ്യനാണെന്ന് തനിക്ക് വ്യക്തമായിരുന്നു. ഫറാന്നിസ പറയുന്നു. നാല് മക്കള്‍ ജനിച്ചെങ്കിലും അവര്‍ക്കാര്‍ക്കും ഈ രോഗം ബാധിച്ചിട്ടില്ല. അത് തന്നെയാണ് ഈ ദമ്പതികളുടെ ഏറ്റവും വലിയ ആശ്വാസം.
ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന ഈ രോഗത്തിന് ചികിത്സ ഇല്ലെന്നാണ് ഉമറിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. വേദനയില്ലാത്ത രോഗമാണെങ്കിലും ഇത് തരുന്ന അസ്വസ്ഥത അസഹനീയമാണെന്നാണ് ഉമര്‍ പറയുന്നത്. എങ്കില്‍പ്പോലും ദൈവം തന്ന സമ്മാനമായാണ് ഉമര്‍ ഈ രോഗത്തെ കാണുന്നത്. ഈ രോഗം കാരണം ഞാന്‍ ഒരിക്കല്‍പ്പോലും സ്വയം വെറുത്തിട്ടില്ല. ആളുകള്‍ അകല്‍ച്ച കാണിക്കുമ്പോള്‍ മാത്രമാണ് അല്‍പ്പം വിഷമം തോന്നുന്നത്. ഭാര്യയുടെ സ്‌നേഹം കാണുമ്പോള്‍ അത്തരം വിഷമങ്ങള്‍ താനേ മാഞ്ഞുപോവുകയാണ് പതിവെന്നും ഉമര്‍ പറയുന്നു.