ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ സന്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു. കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിനു പിന്നാലെയാണ് ധനമന്ത്രി പാർലമെന്റിലെത്തി ബജറ്റ് അവതരിപ്പിക്കുന്നത്.
വരുമാന മാർഗങ്ങൾ കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയതോടെ കുടുംബ ബജറ്റിൽ നാല് ശതമാനം വരെ ലാഭിക്കാനായെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഇത്തവണയും ബജറ്റ് പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് ബജറ്റ് ഫയലുകള്‍ നിര്‍മല സീതാരാമന് കൊണ്ടുവന്നത്. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തി. സഹമന്ത്രി അനുരാഗ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു. പിന്നീട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ധനമന്ത്രി സന്ദർശിച്ചു.
രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ബജറ്റിനെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല കാത്തിരിക്കുന്നത്.