പതിറ്റാണ്ടുകളായി നാം കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്, ബജറ്റ് അവതരിപ്പിക്കാനായി എത്തുന്ന ധനമന്ത്രിമാര്‍ അത് പൊതു ബജറ്റിലായാലും സംസ്ഥാന ബജറ്റിലായാലും, തവിട്ടു നിറത്തിലുള്ള ഒരു ലെതര്‍ ബാഗ് കൈയ്യില്‍ കരുതുന്നതും അത് പിടിച്ച് ഫോട്ടോയ്്ക്ക് പോസ് ചെയ്യുന്നതും. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള പ്രഥമ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഷണ്മുഖം ഷെട്ടി മുതല്‍ തുടര്‍ന്നിങ്ങോട്ട് അരുണ്‍ ജെയ്റ്റ്‌ലി വരെ എല്ലാ ധനമന്ത്രിമാരുടെ കൈയിലും ഉണ്ടായിരുന്നു, ബജറ്റവതരണത്തിനെത്തുമ്പോള്‍ തവിട്ടു നിറത്തിലുള്ള ഒരു ലെതര്‍ ബാഗ്. ഈ പാരമ്പര്യം ആരാണ് തുടങ്ങിവച്ചതെന്നോ എന്തുകൊണ്ടാണ് ഈ ധനമന്ത്രിമാര്‍ ഇത്തരത്തിലുള്ള ബാഗ് കൈയില്‍ കരുതുന്നതെന്നോ ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ല എന്നതാണ് സത്യം.
150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ച ഒരു സമ്പ്രദായമാണിത്. 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയതിന് ശേഷവും ബ്രിട്ടീഷുകാരുടെ പല ശീലങ്ങളും ഇന്ത്യ പിന്തുടരാന്‍ തുടങ്ങി. അതിലൊന്നാണ് ഇതും. ബജറ്റ് ബോക്‌സ് എന്നാണ് ഗ്രേറ്റ് ബ്രിട്ടനില്‍ ഈ ബോക്‌സ് അറിയപ്പെട്ടിരുന്നത്. 1860 ല്‍ ബ്രിട്ടനില്‍ ചാന്‍സലറായിരുന്ന വില്ല്യം എവാര്‍ട്ട് ഗ്ലാഡിസ്റ്റനാണ് ആദ്യമായി ഈ ബോക്‌സ് ഉപയോഗിച്ചത്. അഞ്ചും ആറും മണിക്കൂര്‍ ബജറ്റ് പ്രസംഗം നടത്തുന്ന ആളായിരുന്നു വില്ല്യം. ഇത്തരത്തില്‍ പ്രസംഗം നടത്തേണ്ടതിന് ഒട്ടനവധി ഫയലുകളും രേഖകളും കൈയില്‍ കരുതേണ്ടിയിരുന്നു.
ഇത്തരം ഫയലുകള്‍ സൂക്ഷിക്കുന്നതിനും ബജറ്റ് അവതരണ വേദിയില്‍ കൊണ്ടുവരുന്നതിനുമായി ഇംഗ്ലണ്ടിലെ രാഞ്ജി, പ്രത്യേകം പറഞ്ഞുണ്ടാക്കിയ ഒരു ലെതര്‍ ബജറ്റ് ബോക്‌സ്, വില്ല്യം ഗ്ലാഡിസ്റ്റിന് സമ്മാനിക്കുകയുണ്ടായി. ഇത് പിന്നീട് വന്ന ചാന്‍സലര്‍മാരും ഉപയോഗിച്ചു. രാഞ്ജി സമ്മാനിച്ച ആ ബോക്‌സ് പിന്നീട് പതിറ്റാണ്ടുകള്‍ ഉപയോഗിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ ബോക്‌സ് മ്യൂസിയത്തിലേയ്ക്ക് മാറ്റിയത്. അതേ രീതിയില്‍ നിര്‍മ്മിച്ച പുതിയ ബോക്‌സാണ് ഇപ്പോള്‍ ഉപയോഗിച്ച് വരുന്നത്.
ഇങ്ങനെയാണ് ഇന്ത്യയിലും ഈ പാരമ്പര്യം ആരംഭിച്ചത്. എന്നാല്‍ ബോക്‌സിന് പകരം ലെതര്‍ ബാഗാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന് മാത്രം. ബജറ്റവതരണത്തിനായി എത്തുന്ന ധനമന്ത്രിമാര്‍ പാര്‍ലമെന്റിനകത്ത് പ്രവേശിക്കുന്നതിന് മുമ്പ് ഈ ബജറ്റ് ബോക്‌സുമായി ക്യമാറയ്ക്ക് മുമ്പില്‍ പോസ് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. ബ്രിട്ടീഷുകാരുടെ ഈ പാരമ്പര്യം അനുകരിച്ച് പോരുന്നവരില്‍ ഇന്ത്യ മാത്രമല്ലുള്ളത്. ഉഗാണ്ട, സിംബാവേ, മലേഷ്യ തുടങ്ങി ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന മിക്ക രാജ്യങ്ങളും അവരുടെ ഈ പാരമ്പര്യം പിന്തുടര്‍ന്നു പോരുന്നവരാണ്.