കോട്ടയം: റബര്‍, നെല്ല് കര്‍ഷകരുടെ പ്രതീക്ഷ ഫെബ്രുവരി ഏഴിന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍. റബറിന് 250 രൂപ ഉറപ്പാക്കുമെന്ന് ഇലക്ഷന് മാനിഫെസ്റ്റോയില്‍ എഴുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വാഗ്ദാനം അപ്പാടെ മറന്നു. വിലസ്ഥിരതാ പദ്ധതിയില്‍ താങ്ങുവില കുറഞ്ഞത് 200 രൂപയായി പ്രഖ്യാപിക്കണമെന്ന മുറവിളിക്ക് കഴിഞ്ഞ ബജറ്റില്‍ പരിഹാരമുണ്ടായില്ല.
കഴിഞ്ഞ ബജറ്റില്‍ 500 കോടി രൂപ സബ്സിഡി പദ്ധതിയിലേക്ക് വകയിരുത്തി്യെങ്കിലും ഏറെ മാസങ്ങളിലും വില 180 നു മുകളില്‍ തുടര്‍ന്നതോടെ നയാ പൈസ സര്‍ക്കാരിന് കര്‍ഷകര്‍ക്ക് കൊടുക്കേണ്ടിവന്നില്ല. സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര മാസം മാത്രമാണ് വില 180 രൂപയിലേക്ക് താഴ്ന്നത്. കഴിഞ്ഞ ഒക്ടോബറില്‍ 247 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് വില കുത്തനെ കുറഞ്ഞു.
നടപ്പുബജറ്റില്‍ വകയിരുത്തിയ 500 കോടി രൂപയും അടുത്ത ബജറ്റിലെ വിഹിതമായ 500 കോടിയും കൂട്ടിയാല്‍ ആയിരം കോടി രൂപ ഫണ്ടില്‍ വരും. ആ നിലയില്‍ ന്യായമായും 200 രൂപ താങ്ങുവില ലഭിക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ സര്‍ക്കാര്‍ വിരുദ്ധ തിരിച്ചടിയുണ്ടാകാതിരിക്കാന്‍ ആശ്വാസവില പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ.
റബര്‍, നെല്ല് മേഖല നേരിടുന്ന പ്രതിസന്ധി പരിഹിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്-എം ഉള്‍പ്പെടെ പാര്‍ട്ടികള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കേന്ദ്രസര്‍ക്കാര്‍ നടപ്പുസാമ്പത്തിക വര്‍ഷം രണ്ടു തവണ താങ്ങുവില വര്‍ധിപ്പിച്ച സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ വിഹിതം കൂട്ടിയില്ല.
കേന്ദ്ര സര്‍ക്കാര്‍ വര്‍ധന നടപ്പാക്കിയാല്‍ ഒരു കിലോ നെല്ലിന് 32 രൂപ ലഭിക്കേണ്ടതാണ്. നിലവില്‍ ആറു വര്‍ഷമായി നല്കുന്ന 28.20 രൂപ നിരക്കില്‍നിന്ന് വര്‍ധനവില്ല.കൈകാര്യച്ചെലവ് ഉയര്‍ത്താനും നടപടിയില്ല. നെല്ലിന്റെ സംഭരണവില വൈകാതിരിക്കാന്‍ ബാങ്കുകള്‍ക്ക് മുന്‍കൂര്‍ ഫണ്ട് നല്‍കണമെന്ന ആവശ്യത്തിനും പരിഹാരമില്ല.കഴിഞ്ഞ രണ്ടു കൃഷികളിലും നാലു മാസം വൈകിയാണ് കര്‍ഷകരുടെ അക്കൗണ്ടില്‍ നെല്ലിന് വില ലഭിച്ചത്.