ന്യൂഡൽഹി: യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള 2023-24ലെ കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്നു രാവിലെ പാർലമെന്റിൽ അവതരിപ്പിച്ചു.
കാർഷികമേഖലയ്ക്കും ബജറ്റ് ഊന്നൽ നൽകുന്നു. രാജ്യം അഞ്ചാമത്തെ സാന്പത്തികശക്തിയായി മാറിയെന്ന് അവകാശപ്പെട്ട ധനമന്ത്രി ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്നും പറഞ്ഞു.
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം ബിജെപി സർക്കാരിന്റെ അവസാന സന്പൂർണബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്.
ഇത്തവണയും ‘പേപ്പർലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാർലമെന്റ് അംഗങ്ങൾക്ക് ആപ്പിൽ ബജറ്റ് ലഭ്യമാക്കും.
ഭാരത് ജോഡോ യാത്ര കഴിഞ്ഞ് കാഷ്മീരിൽനിന്നെത്തിയ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് എംപിമാരും ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തു.
ഫെബ്രുവരി 12 വരെ രാജ്യമാകെ ബിജെപി ബജറ്റ് പ്രചാരണ പരിപാടികൾ നടത്തും. ശനിയും ഞായറും 50 കേന്ദ്രങ്ങളിൽ കേന്ദ്രമന്ത്രിമാരും പ്രചാരണത്തിന് നേതൃത്വം നൽകും.
സുശീൽ മോദിയുടെ അധ്യക്ഷതയിൽ ഒൻപതംഗ സമിതിക്കാണ് പ്രചാരണ മേൽനോട്ടം.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
* എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം
* വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കും
* വളർച്ചാനിരക്ക് ഏഴ് ശതമാനമെത്തും
* വികസനം, യുവശക്തി, കർഷകക്ഷേമം, ഊർജസംരക്ഷണം, പിന്നാക്കക്ഷേമം, ഊർജമേഖലയിലെ തൊഴിൽ അവസരങ്ങൾ, വികസനം സാധാരണക്കാരിൽ എത്തിക്കൽ തുടങ്ങിയ ഏഴു മേഖലകളിൽ ഊന്നൽ
* യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമം ലക്ഷ്യം
* പിഎം ഗരീബ് കല്യാൺ അന്ന യോജന പദ്ധതി ഒരു വർഷം കൂടി തുടരും
* 2200 കോടിയുടെ ഹോർട്ടികൾചർ പാക്കേജ്
* കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം. കാർഷിക സ്റ്റാർട്ട്അപ്പുകൾക്ക് സഹായം. യുവകർഷകരെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ഫണ്ട്
*157 നഴ്സിംഗ് കോളജുകൾ സ്ഥാപിക്കും
* 2040-ടെ അരിവാൾ രോഗം നിർമാർജനം ചെയ്യും
* മത്സ്യമേഖലയിൽ 6,000 കോടി
* വിനോദസഞ്ചാരമേഖലയിൽ നിരവധി പദ്ധതികൾ
* കുട്ടികൾക്കും യുവാക്കൾക്കും നാഷണൽ ഡിജിറ്റൽ ലൈബ്രറി. കൂടുതൽ ഏകലവ്യ സ്കൂളുകൾ
* ഗോത്രവിഭാഗങ്ങൾക്ക് 15,000 കോടി
* നഗരവികസനത്തിന് 10,000 കോടി
* ഗതാഗത വികസനത്തിന് 75,000 കോടി
* പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും
* റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി