ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തോടെയാണു ഹ്രസ്വകാല സമ്മേളനം ആരംഭിക്കുക. ഈ മാസം 31 മുതല്‍ ഫെബ്രുവരി ഒമ്പതുവരെയാണ് സമ്മേളന കാലയളവ്.
വ്യാഴാഴ്ച ധനകാര്യമന്ത്രി നിര്‍മല സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ലോക്സഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും എന്നാണു പ്രതീക്ഷ.
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. കാര്‍ഷിക മേഖല, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയിലും വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. നികുതി ഇളവുകളും പ്രതീക്ഷിക്കുന്നു.
ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ഇന്നു സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ച സര്‍വകക്ഷി യോഗം 11.30 ന് നടക്കും. തുടര്‍ച്ചയായ ആറാം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റിക്കാര്‍ഡിനൊപ്പം നിര്‍മല സീതാരാമന് എത്തും.
മന്മോഹന് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, പി. ചിദംബരം, തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ച യശ്വന്ത് സിന്‍ഹ തുടങ്ങിയ മുന്‍ഗാമികളുടെ റിക്കാര്‍ഡുകള്‍ അവര്‍ മറികടക്കും. രാജ്യത്തെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയാണ് നിര്‍മല സീതാരാമന്.