പാലാ: സംസ്ഥാനത്തെ ആദ്യത്തെ ടിബറ്റൻ ബുദ്ധക്ഷേത്രവും പഠനകേന്ദ്രവും പാലായ്ക്കുസമീപം വേഴങ്ങാനത്ത് അടുത്തമാസം തുറക്കുന്നു. കോഴിക്കോട് ആസ്ഥാനമായ മഹാബോധി ഇന്റർനാഷണൽ സ്പിരിച്വൽ ട്രസ്റ്റാണ് ക്ഷേത്രം നിർമിച്ചത്. ടിബറ്റിൽനിന്നു പ്രവാസികളായി എത്തി കർണാടകയിലെ ബൈലക്കുപ്പയിൽ താമസിക്കുന്ന ബുദ്ധ സന്യാസിമാരുടെ ചുമതലയിലാണു ക്ഷേത്രത്തിന്റെ പ്രവർത്തനം.
700 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ക്ഷേത്രത്തിൽ അഞ്ച് വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ബുദ്ധ സന്ദേശങ്ങളെക്കുറിച്ച് അറിവ് പകരുന്ന വിജ്ഞാന കേന്ദ്രമായി ക്ഷേത്രം മാറുമെന്ന് ട്രസ്റ്റ് പ്രതിനിധി ആർ.എൻ. പിള്ള പറഞ്ഞു. വേഴങ്ങാനം സ്വദേശി വണ്ടർകുന്നേൽ മാത്യുവാണ് 15 സെന്റ് സ്ഥലം ക്ഷേത്രം നിർമിക്കുവാൻ നൽകിയത്.