കോട്ടയം: പോലീസ് പിടികൂടിയ കുപ്രസിദ്ധ ഗുണ്ടയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ തെള്ളകം വലിയവീട്ടിൽ ബുധലാൽ വി. ജോസി (23) നെയാണു കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.
ഇയാൾ കഴിഞ്ഞ മാസം അയ്മനം ഒളശ സ്വദേശിയായ ജോസഫ് മാത്യുവിനെ വീട്ടിൽനിന്നും വിളിച്ചിറക്കി വെട്ടി പരിക്കേൽപ്പിച്ചതിനുശേഷം ഒളിവിൽ പോകുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടി അന്വേഷണം തുടങ്ങുകയും ചെയ്തു.
ബാംഗ്ലൂർ സായ് നഗറിലുള്ള വാടകവീട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഇയാൾ വീടിന്റെ മുകളിലുള്ള വാട്ടർ ടാങ്കിൽ കയറി ഒളിക്കുകയും പോലീസ് പിടികൂടുകയുമായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. പ്രതിക്ക് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശേരി, തിരുവല്ല സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്.
എസ്ഐമാരായ അനുരാജ്, അജിത്ത് സിപിഓമാരായ പ്രതീഷ് രാജ്, ജയൻ, വിപിൻ, ബൈജു, ശ്രാവണ്‍, നിതാന്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.