
ഇവരെപ്പോലെ ഒളിജീവിതം വേണ്ടാത്ത ഒരു ചെറിയസംഘമുണ്ട്. ധനസെക്രട്ടറി മുതൽ മുഖ്യധനകാര്യ ഉപദേഷ്ടാവ് വരെ. അവരാണു ബജറ്റ് ഉള്ളടക്കത്തിന്റെ യഥാർഥ ശില്പികൾ. അവരെ പരിചയപ്പെടാം.
1. അശോക് ലവാസ
ധനസെക്രട്ടറി. ഹരിയാന കേഡറിലുള്ള 1980 ബാച്ച് ഓഫീസർ. വിവിധ മന്ത്രാലയങ്ങളുടെ ആവശ്യങ്ങളും വിഭവ ലഭ്യതയും പൊരുത്തപ്പെടുത്തേണ്ട ദൗത്യം. ദ അൺസിവിൽ സെർവന്റ് എന്ന ഗ്രന്ഥത്തിന്റെ സഹരചയിതാവ്.
2. ശക്തികാന്ത ദാസ്
സാമ്പത്തിക കാര്യവകുപ്പ് സെക്രട്ടറി. ജോയിന്റ് സെക്രട്ടറി ആയിരുന്നപ്പോൾ മുതൽ ബജറ്റ് തയാറാക്കലുമായി ബന്ധം. കറൻസി പിൻവലിക്കലിനെ തുടർന്നുള്ള കാര്യങ്ങൾക്കു ചുക്കാൻ പിടിച്ചു. മൂന്നുമാസത്തേക്കു സർവീസ് നീട്ടിക്കിട്ടി.
3. ഹസ്മുഖ് അധ്യ
റവന്യു സെക്രട്ടറി. ഗുജറാത്തിൽ മുതൽ നരേന്ദ്ര മോദിയുടെ വിശ്വസ്തൻ. നികുതിപിരിവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ കുറയ്ക്കാൻ സാധിച്ചു. പ്രത്യക്ഷ നികുതിയിലെ പരിഷ്കാരങ്ങളിൽ അധ്യയുടെ കൈയൊപ്പുണ്ടാകും. ജിഎസ്ടി ചർച്ചകളിലെ നിർണായക വ്യക്തിത്വം.
4. നീരജ് കുമാർ ഗുപ്ത
പൊതു നിക്ഷേപവകുപ്പ് സെക്രട്ടറി. നിക്ഷേപമെന്നു പറയുമെങ്കിലും പൊതുമേഖലയിലെ സ്ഥാപനങ്ങളും ഓഹരികളും വിൽക്കുന്നതാണു പണി. ഈ വർഷം 56,000 കോടി രൂപ ലക്ഷ്യമിട്ടതിൽ 30,0000 കോടി രൂപ ഇതിനകം സമാഹരിക്കാൻ ഗുപ്തയ്ക്കു കഴിഞ്ഞു. ഏറ്റവും കൂടുതൽ ഓഹരി-ആസ്തി വില്പന ഈ വർഷമാകും നടക്കുക.
5. അരവിന്ദ് സുബ്രഹ്മണ്യൻ
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്. കറൻസി പിൻവലിക്കലിനോട് സുബ്രഹ്മണ്യനു യോജിപ്പില്ലായിരുന്നു എന്നാണു സംസാരം. സാമ്പത്തിക സർവേ തയാറാക്കുന്നത് ഇദ്ദേഹത്തിന്റെ ഓഫീസാണ്. എല്ലാവർക്കും അടിസ്ഥാനവരുമാനം ഉറപ്പാക്കുന്ന ഒരു ദാരിദ്ര്യനിർമാർജന പദ്ധതി. അത് ഇത്തവണ ബജറ്റിലുണ്ടാകുമെന്നാണു പ്രചാരണം.
6. അഞ്ജുലി ചിബ് ദുഗൽ
ധനകാര്യ സർവീസ് സെക്രട്ടറി. ബാങ്കുകളുടെയും മറ്റും മേൽനോട്ടമുള്ള അഞ്ജുലിയാണു പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിലും. പൊതുമേഖലാ ബാങ്കുകളുടെ ഭരണത്തിൽ ചില്ലറയല്ലാത്ത മാറ്റങ്ങൾക്ക് ഇവർ നേതൃത്വം നൽകി. ജനറൽ ഇൻഷ്വറൻസ് കമ്പനികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാനും ഇവർ നേതൃത്വം നൽകുന്നു.