ബജറ്റുമായി ബന്ധപ്പെട്ട പ്രധാന സാങ്കേതിക പദങ്ങൾ ചുവടെ:
ബജറ്റ്: ഓരോ ധനകാര്യവർഷത്തെയും വരവു ചെലവ് പ്രതീക്ഷകളുടെ കണക്ക്. ധനകാര്യവർഷം തുടങ്ങും മുമ്പ് ഇതു ലോക്സഭയിൽ അവതരിപ്പിക്കണമെന്നു ഭരണഘടനയുടെ 112-ാം വകുപ്പ് പറയുന്നു.
കമ്മി: ചെലവ് വരവിനേക്കാൾ കൂടുതൽ ആയാൽ ഉള്ള അവസ്ഥ.
മിച്ചം: ചെലവ് വരവിലും കുറവായാൽ ഉള്ള അവസ്ഥ.
റവന്യൂ വരവ്: നികുതികൾ, ഫീസുകൾ, ചാർജുകൾ, പലിശ വരവ്, ലാഭവീതം തുടങ്ങിയ ആനുകാലിക വരവുകൾ.
റവന്യൂ ചെലവ്: ശമ്പളം, പെൻഷൻ, ഭരണച്ചെലവ്, പലിശച്ചെലവ്, സബ്സിഡി, ഗ്രാന്റുകൾ തുടങ്ങിയവ. ഇന്ത്യാ ഗവൺമെന്റിന് ആസ്തികൾ വർധിപ്പിക്കുന്നതല്ലാത്ത എല്ലാ ചെലവും ഇതിൽപ്പെടുന്നു.
മൂലധനവരവ്: രാജ്യത്തും പുറത്തുംനിന്നു കടമെടുക്കുന്നത്, കൊടുത്ത കടം തിരിച്ചുകിട്ടുന്നത്, പൊതുമേഖലാ ഓഹരികളും സ്ഥാപനങ്ങളും വിൽക്കുമ്പോൾ കിട്ടുന്നത് തുടങ്ങിയവ.
മൂലധനച്ചെലവ്: ഭൂമി, കെട്ടിടം, യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതും വിവിധ നിർമിതികളും വായ്പ നല്കുന്നതും ഓഹരികൾ വാങ്ങുന്നതും അടങ്ങിയത്.
റവന്യൂ കമ്മി: റവന്യൂ ചെലവ് റവന്യൂ വരവിനേക്കാൾ കൂടിയിരുന്നാൽ റവന്യൂ കമ്മിയാകും.
ധനകമ്മി (Fiscal Deficit): കടബാധ്യതവരാത്ത വരവുകളും മൊത്തം ചെലവും തമ്മിലുള്ള വ്യത്യാസം. ബജറ്റിലെ മൊത്തം കടബാധ്യതയാണ് ഈ തുകയിലൂടെ അറിവാകുന്നത്.
എഫ്ആർബിഎം നിയമം (Fiscal Responsibility and Budget Management Act): ബജറ്റിൽ അനുവദനീയമായ കമ്മി പോലുള്ള കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്ന നിയമം.
സഞ്ചിതനിധി (Consolidated Fund): രാജ്യത്തിന്റെ എല്ലാ വരവും ഇതിലേക്കാണ്. എല്ലാ ചെലവും ഇതിൽനിന്നാണ്. പാർലമെന്റ് അനുവദിക്കാതെ ഇതിൽനിന്നു ചെലവഴിക്കാൻ പറ്റില്ല.
പ്രത്യക്ഷനികുതി (Direct Tax): വരുമാനത്തിന്മേൽ നേരിട്ടു ചുമത്തുന്ന നികുതി. ആദായനികുതി, കമ്പനിനികുതി എന്നിവ.
പരോക്ഷനികുതി: ഉത്പന്നങ്ങളിന്മേലും സേവനങ്ങളിന്മേലുമുള്ള നികുതി. കസ്റ്റംസ് ഡ്യൂട്ടി, ചരക്കു സേവനനികുതി.
ധനകാര്യബിൽ (Finance Bill): നികുതിനിർദേശങ്ങൾ ഇതിലാണ്. ഭരണഘടന 110 (1) (എ) വകുപ്പ് പ്രകാരം ഇതു ധനകാര്യ വർഷം തുടങ്ങുംമുമ്പ് അവതരിപ്പിച്ചിരിക്കണം. ഇതിലെ വ്യവസ്ഥകൾ വിശദീകരിക്കുന്ന ഒരു മെമ്മോറാണ്ഡവും ബജറ്റ് രേഖകളിൽ ഉണ്ടാകും.