ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ബജറ്റ് കണക്ക് പാളുന്നു. വരവ് കുറഞ്ഞു; ചെലവ് കുതിച്ചു; ധന കമ്മി പരിധി കടന്നു. നകാര്യവർഷം ഏഴു മാസം പിന്നിടുന്പോൾ ധനകമ്മി മുഴുവൻ വർഷത്തേക്കു ലക്ഷ്യമിട്ടതിന്റെ 96.1 ശതമാനമായി. 2017-18ൽ മൊത്തം ധനകമ്മി ലക്ഷ്യമിട്ടത് 5,46,532 കോടി രൂപ. ഒക്ടോബർ അവസാനത്തെ കമ്മി 5,25,321 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലക്ഷ്യത്തിന്റെ 79.3 ശതമാനമായിരുന്നു (4.22 ലക്ഷം കോടി രൂപ) കമ്മി.
റവന്യു കമ്മിയുടെ നില കൂടുതൽ മോശമാണെന്നു കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. മുഴുവൻ വർഷത്തേക്കു ലക്ഷ്യമിട്ടതിനേക്കാൾ 24.7 ശതമാനം അധികമാണ് ഇപ്പോഴത്തെ റവന്യു കമ്മി. മാർച്ച് 31 വരെയുള്ള വർഷത്തേക്കു ലക്ഷ്യം 3,21734 കോടി രൂപ. കഴിഞ്ഞ വർഷം ഇതേസമയം ലക്ഷ്യത്തിന്റെ 92.5 ശതമാനമേ കമ്മി ഉണ്ടായിരുന്നുള്ളൂ.
ഒക്ടോബർ വരെ റവന്യു വരവ് 7,28768 കോടിയാണ്. ബജറ്റ് ലക്ഷ്യത്തിന്റെ 48.1 ശതമാനം. കഴിഞ്ഞ വർഷം ഇതേസമയം 50.7 ശതമാനം കിട്ടിയതാണ്. നികുതി വരുമാനം ലക്ഷ്യത്തിന്റെ 51.6 ശതമാനം (മുൻ വർഷം 50.3 ശതമാനം) ലഭിച്ചു. എന്നാൽ, നികുതിയിതര റവന്യു, ലക്ഷ്യത്തിന്റെ 33 ശതമാനമേ ആയുള്ളൂ. കഴിഞ്ഞ വർഷം 52 ശതമാനം കിട്ടിയതാണ്.
മൊത്തം വരവ് 7.67 ലക്ഷം കോടി. ഇതു ബജറ്റ് ലക്ഷ്യത്തിന്റെ 48 ശതമാനം വരും. കഴിഞ്ഞ വർഷം 50.4 ശതമാനമായിരുന്നു.മൊത്തം ചെലവ് 12.93 ലക്ഷം കോടി രൂപ. ഇതു ലക്ഷ്യത്തിന്റെ 60.2 ശതമാനം. മുൻ വർഷം 58.2 ശതമാനമായിരുന്നു.റവന്യു ചെലവ് 61.5 ശതമാനമായി. മുൻവർഷം 59.2 ശതമാനം. മൂലധനച്ചെലവ് 52.6 ശതമാനം. തലേവർഷം 50.7 ശതമാനം.
മുഴുവൻ വർഷം 3.5 ലക്ഷം കോടി രൂപയുടെ പൊതുകടമെടുക്കലാണു പ്രതീക്ഷിച്ചത്. ഇപ്പോൾ അത് 4.23 ലക്ഷം കോടിയായി. അതായത്, വാർഷിക ലക്ഷ്യത്തിന്റെ 121 ശതമാനം.