മുംബൈ: രണ്ടാം മോദി സർക്കാരിന്റെ പൂർണബജറ്റിന് നിക്ഷേപകരെ തൃപ്തിപ്പെടുത്താനായില്ല. ബജറ്റിനു മുന്പ് കന്പോളങ്ങൾ മികച്ച മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് കരടിവലയിൽ കുടുങ്ങി. മെറ്റൽ, റിയൽറ്റി, പവർ, ഐടി, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, ഹെൽത്ത് കെയർ, കാപ്പിറ്റൽ ഗുഡ്സ് തുടങ്ങിയ ഓഹരികൾ ബജറ്റ് അവതരണത്തിനു ശേഷം കുത്തനെ താഴേക്കു പോയി. ബോംബെ ഓഹരിസൂചിക സെൻസെക്സ് 394.67 പോയിന്റ് നഷ്ടത്തിൽ 39,513.39ലും നിഫ്റ്റി 135.60 പോയിന്റ് നഷ്ടത്തിൽ 11,811.15ലും വ്യാപാരം അവസാനിപ്പിച്ചു.
ബജറ്റ് ആരംഭിച്ചപ്പോൾ സെൻസെക്സ് 40,000ത്തിലെ പ്രതിരോധം തകർക്കുകയും നിഫ്റ്റി 12,000ന് അടുത്തെത്തുകയും ചെയ്തു. കന്പോളങ്ങളുടെ നിലവിലെ ആരോഗ്യസ്ഥിതി തളർച്ചയിലാണ്. ബിഎസ്ഇയിൽ 784 ഓഹരികൾ കയറിയപ്പോൾ 1688 ഓഹരികൾക്ക് നഷ്ടം നേരിട്ടു.
കന്പനികളുടെ പ്രൊമോട്ടർമാർക്ക് കൈവശം വയ്ക്കാവുന്ന ഓഹരികൾ 75 ശതമാനത്തിൽനിന്ന് 65 ശതമാനമാക്കി കുറച്ചത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ ടിസിഎസ്, വിപ്രോ, ഡിമാർട്ട് പോലുള്ള കന്പനികളുടെ പ്രൊമോട്ടർമാർക്ക് 3.87 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിൽക്കേണ്ടി വരും.
അതേസമയം, വിദേശ നിക്ഷേപകരുടെ കെവൈസി നിബന്ധനകൾക്ക് ഇളവ് വരുത്തുകയും സാമൂഹ്യ സംരംഭങ്ങളെയും വോളന്ററി ഓർഗനൈസേഷനുകളെയും കന്പോളങ്ങളിൽ ലിസ്റ്റ് ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്ന പദ്ധതി ബജറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്.