ഇന്നു കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നു; നാളെ സംസ്ഥാന ബജറ്റും. ബജറ്റുകളുമായി ബന്ധപ്പെട്ട ചില സാങ്കേതിക പദങ്ങൾ പരിചയപ്പെടാം.
റവന്യു വരവ്: നികുതികൾ, ഫീസുകൾ, ചാർജുകൾ, ലൈസൻസ് ഫീസ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവീതം, കൊടുത്ത വായ്പകളുടെ പലിശ തുടങ്ങിയ ആനുകാലിക വരവുകൾ.
റവന്യുചെലവ്: ശന്പളം, പെൻഷൻ, അലവൻസുകൾ, ഭരണച്ചെലവുകൾ, എടുത്തവായ്പയുടെ പലിശ, സബ്സിഡികൾ, ക്ഷേമചെലവുകൾ തുടങ്ങിയ ആനുകാലിക ചെലവുകൾ.
റവന്യു കമ്മി: റവന്യു വരവും ചെലവും തമ്മിലുള്ള അന്തരം.
ധനകമ്മി: ബജറ്റിലെ ചെലവിൽനിന്നു കടമോ ബാധ്യതയോ അല്ലാത്ത വരവുകൾ കുറച്ചാൽ ശേഷിക്കുന്നത്. കടമെടുപ്പിനു പുറമേ സർക്കാരിൽ ലഭിക്കുന്ന വിവിധ സന്പാദ്യപദ്ധതി നിക്ഷേപങ്ങളും ചേരുന്നതാണു ധനകമ്മി.
മൂലധനവരവ്: വായ്പ എടുക്കുന്ന തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റുള്ള വരവ്, തിരിച്ചുകിട്ടുന്ന വായ്പത്തുക തുടങ്ങിയവ.
മൂലധനച്ചെലവ്: മൂലധന നിർമിതിക്ക് ഉപയോഗിക്കുന്ന തുക.
പ്രത്യക്ഷ നികുതി: വരുമാനത്തിന്മേലും സ്വത്തിന്മേലും ചുമത്തുന്ന നികുതി. ആദായനികുതി, കന്പനിനികുതി, സ്വത്തു നികുതി തുടങ്ങിയവ.
പരോക്ഷ നികുതി: ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുംമേലുള്ള നികുതി. ജിഎസ്ടി, കസ്റ്റംസ് ഡ്യൂട്ടി, എക്സൈസ് ഡ്യൂട്ടി തുടങ്ങിയവ.
ധനകാര്യബിൽ: ബജറ്റിലെ നികുതി നിർദേശങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള ബിൽ.
ധനവിനിയോഗ ബിൽ: വിവിധ വകുപ്പുകൾക്കും വിഭാഗങ്ങൾക്കുമായി വകയിരുത്തിയ തുക ചെലവാക്കുന്നതിന് അനുവദിക്കുന്ന ബിൽ.
ധനാഭ്യർഥന: ഓരോ വകുപ്പിനും വേണ്ട ബജറ്റ് വിഹിതം വിശദീകരിക്കുന്ന പത്രിക.
ഉപധനാഭ്യർഥന: ധനാഭ്യർഥന പാസായശേഷം പിന്നീട് അതിൽപ്പെടാത്ത ചെലവുകൾ വേണ്ടിവന്നാൽ പാർലമെന്റിൽ സമർപ്പിക്കുന്ന പത്രിക.