ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സന്പൂർണ ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി.
ഇടത്തരക്കാരുടെ ആദായനികുതി സ്ലാബുകളിൽ ഇളവും കാർഷിക മേഖലയ്ക്കു പുനർജീവൻ നൽകാനുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നതാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ബജറ്റ്. ജിഎസ്ടിക്കും വരുമാനത്തിലെ കുറവിനും ഇടയിലെ ബജറ്റ് സാധാരണക്കാർക്കും കർഷകർക്കും സർക്കാർ-സ്വകാര്യ ജീവനക്കാർക്കും സന്തോഷം പകരുമോയെന്നതാകും വലിയ ചോദ്യം. എല്ലാവർക്കും ഭവനം എന്ന മുദ്രാവാക്യം ഉയർത്തുന്ന സർക്കാർ ഭവനനിർമാണത്തിന് കാര്യമായ ഇളവുകളും പ്രോൽസാഹന പദ്ധതികളും കൊണ്ടുവരുമോ എന്നതു ശ്രദ്ധിക്കപ്പെടും.
ആദായനികുതിയിൽ കൂടുതൽ ഇളവുകൾ നൽകണമെന്നതാണ് പൊതുവായ ആവശ്യം. നികുതി ഒഴിവു പരിധി ഉയർത്തണമെന്നും ശന്പളക്കാർക്കു സ്റ്റാൻഡാർഡ് ഡിഡക്ഷൻ തിരിച്ചുവരണമെന്നും ആവശ്യമുണ്ട്.
സന്പന്നർക്കായുള്ള സർക്കാർ എന്ന പേര് ഒഴിവാക്കാൻ ശ്രമിക്കുന്പോഴും കോർപറേറ്റ് നികുതിയിൽ ഇളവു നൽകാൻ സർക്കാരിനു മേൽ വലിയ സമ്മർദമുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക മേഖലകൾക്കുള്ള വിഹിതവും ക്ഷേമപദ്ധതികൾക്കുള്ള വിഹിതവും ഗണ്യമായി ഉയർത്താൻ കേന്ദ്രസർക്കാർ ശ്രമം നടത്തുമെന്നാണ് പ്രതീക്ഷ
രാജ്യത്തെ കർഷകരുടെ വരുമാനം നാലു വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ബജറ്റ് പ്രസംഗത്തിലാണ് ജയ്റ്റ്ലിയുടെ പ്രഖ്യാപനം.
കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി വിപുലീകരിക്കും. കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാൻ 2000 കോടി രൂപ അനുവദിക്കും. ഇ-നാം പദ്ധതി വിപുലീകരിക്കും. ജൈവകൃഷിക്ക് ഉൗന്നൽ നൽകും. കാർഷികോൽപ്പാദനം കഴിഞ്ഞവർഷം റിക്കാർഡ് നേട്ടത്തിലെത്തിയിട്ടുണ്ട്. വിളകൾക്ക് 50 ശതമാനം മിനിമം താങ്ങുവില ഉറപ്പാക്കും. ഉൽപാദന ക്ഷമത വർധിപ്പിക്കും- ജയ്റ്റ്ലി പറഞ്ഞു.
സാന്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 7.5 ശതമാനം വളർച്ചയുണ്ടായെന്നും ജയ്റ്റ്ലി പാർലമെന്റിൽ അവകാശപ്പെട്ടു.
ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ കാർഷിക വിളകളുടെ ഉത്പാദനം വർധിപ്പിക്കാൻ പ്രത്യേക പദ്ധതി രൂപീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ബജറ്റിലാണ് ഇതു സംബന്ധിച്ച നിർദേശങ്ങൾ ഉൾക്കൊള്ളിച്ചത്.
ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാൻ പ്രത്യേക പദ്ധതി രൂപീകരിക്കും, ഇതിനായി 500 കോടിയുടെ പ്രത്യേക പദ്ധതി സർക്കാർ രൂപീകരിക്കും. സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില കർഷകർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും. ഫിഷറീസ്, മൃഗസംരക്ഷണത്തിനായി 10,000 കോടി നീക്കിവയ്ക്കും. കർഷകരുടെ ഉത്പാദനം വർധിപ്പിക്കും. കർഷകരുടെ വരുമാനം വർധിപ്പിക്കുക ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
കാർഷിക വിളകളുടെ സംഭരണത്തിനു പ്രത്യേകം സംവിധാനം ഏർപ്പെടുത്തും. ഗ്രാമീണ ചന്തകളുടെ നവീകരണത്തിന് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തുമെന്നും ജയ്റ്റ്ലി പറഞ്ഞു. സ്കൂളുകളിൽ ബ്ലാക്ക് ബോർഡുകൾക്ക് പകരം ഡിജിറ്റിൽ ബോർഡ് നൽകും