ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മാത്രമുള്ള ബജറ്റാണ് മോദി സർക്കാരിനായി മന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ചതെന്നു വ്യക്തം. ഇക്കാരണത്താലാണ് മോദി സർക്കാരിന്റെ കാലയളവിലെ മുൻ ബജറ്റുകളിൽ നൽകാതിരുന്ന ഇളവുകൾ ഇക്കുറി ബജറ്റിൽ വാരിക്കോരി പ്രഖ്യാപിച്ചത്. സർക്കാരിന്റെ ജനപിന്തുണയും പ്രശസ്തിയും ഇതിലൂടെ വർധിപ്പിക്കാൻ കഴിയുമെന്ന് സർക്കാർ കരുതുന്നു. ഇടക്കാല ബജറ്റ് എന്ന പേരിലാണ് ബജറ്റ് അവതരിപ്പിച്ചതെങ്കിലും ഫലത്തിൽ ഇത് സന്പൂർണ ബജറ്റായി മാറിയെന്നാണു വിലയിരുത്തൽ.
ബജറ്റിൽ നേടിയവരും നഷ്ടപ്പെട്ടവരും:
- നേട്ടമുണ്ടാക്കിയവർ
കർഷകർ: പ്രതീക്ഷിച്ചതുപോലെ കർഷകരെ കൈയിലെടുക്കാൻ മോദി സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചു. രണ്ടു ഹെക്ടറിനു താഴെ കൃഷിഭൂമിയുള്ള കർഷകർക്ക് വർഷംതോറും 6000 രൂപ വീതം നൽകാൻ തീരുമാനിച്ചതാണ് ഇതിൽ പ്രധാനം. 10.2 കോടി ചെറുകിട കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
കാർഷിക മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ശക്തി പന്പ്, ജെയ്ൻ ഇറിഗേഷൻ, കെഎസ്ബി, കിർലോസ്കർ, അവന്തി ഫീഡ്സ്, വാട്ടർബേസ്, ജെജെ അഗ്രി ജെനറ്റിക്സ്, പിഐ ഇൻഡസ്ട്രീസ് തുടങ്ങിയ കന്പനികൾക്കു ബജറ്റ് പ്രഖ്യാപനത്തിന്റെ ഫലം ലഭിക്കും.
നികുതിദായകർ: മൂന്നുകോടി നികുതിദായകർ ഇനി ആദായനികുതി നൽകേണ്ടതില്ല. നികുതി ചുമത്താവുന്ന വരുമാനം അഞ്ചുലക്ഷം രൂപ വരെ ഉള്ളവർക്കു നികുതി റിബേറ്റ് അനുവദിച്ചതു വഴിയാണ് ഇത്. ഇതുവഴി ഗവണ്മെന്റിന്റെ വരുമാനത്തിൽ 18,500 കോടി രൂപയുടെ കുറവുണ്ടാകും.
ആദായനികുതിയുടെ ഒഴിവുപരിധി ഉയർത്തിയിട്ടില്ല. ഒഴിവു പരിധി രണ്ടര ലക്ഷം രൂപയായി തുടരും. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള തുകയുടെ നികുതിക്കു റിബേറ്റ് അനുവദിക്കുന്നതേ ഉള്ളൂ. അഞ്ചുലക്ഷത്തിനു മുകളിൽ നികുതി ബാധക വരുമാനമുണ്ടെങ്കിൽ ഈ സൗജന്യം കിട്ടില്ല. അയാൾ രണ്ടര ലക്ഷം രൂപ മുതൽ ഉള്ള തുകയ്ക്കു നികുതി നൽകണം.
ഗ്രാമീണ ഇന്ത്യ: മൃഗപരിപാലനം, ഫിഷറീസ് വിഭാഗങ്ങളിലെ ഇളവുകൾ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന കന്പനികൾക്കു നേട്ടം കൊണ്ടുവരും. മോട്ടോർ സൈക്കിൾ കന്പനികൾ, മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ എന്നിങ്ങനെയുള്ള കന്പനികൾക്ക് ബജറ്റിന്റെ ആനുകൂല്യം ലഭിക്കും.
തൊഴിലാളികൾ: 15000 രൂപയ്ക്കു താഴെ വരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ നൽകാനുള്ള തീരുമാനമാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. രാജ്യത്തെ ഭൂരിപക്ഷം തൊഴിലാളികളും അസംഘടിത മേഖലയിൽനിന്നുള്ളവരാണ്. ഇവർക്ക് തൊഴിൽ സുരക്ഷയോ, ആനുകൂല്യങ്ങളോ കാര്യമായി ലഭിച്ചിരുന്നില്ല.
റിയൽ എസ്റ്റേറ്റ്: വീട് വിൽപ്പനയെ സഹായിക്കുന്ന ഇളവുകൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ റിയൽ എസ്റ്റേറ്റ് സൂചികയിൽ ചലനമുണ്ടാക്കി.
130 കോടി ജനസംഖ്യയുള്ള ഇന്ത്യയിലെ എല്ലാവർക്കും വീട് നൽകുമെന്ന് മന്ത്രി പിയൂഷ് ഗോയൽ ബജറ്റിൽ പ്രഖ്യാപിച്ചു. വീട് വാങ്ങുന്നതിനു രണ്ടു കോടി രൂപ വരെ ചെലവാക്കാൻ അനുവദിച്ചു. ആൾതാമസമില്ലാത്ത രണ്ടാമത്തെ വീടിന് വാടക നൽകേണ്ടതില്ലെന്നും പ്രഖ്യാപിച്ചു. ഒബ്റോയി റിയൽറ്റി, പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്, ഡിഎൽഎഫ് എന്നീ കോർപറേറ്റ് കന്പനികളാണ് ഈ പ്രഖ്യാപനത്തിന്റെ ആനുകൂല്യം പറ്റുന്നവരിൽ പ്രമുഖർ.
വാഹന നിർമാതാക്കൾ: ഗോയലിന്റെ ബജറ്റ് പ്രസംഗത്തിനിടെ എസ് ആൻഡ് പി ബിഎസ്ഇ ഓട്ടോ സൂചികയിൽ വൻ കുതിപ്പുണ്ടായി. 2014 മേയ്ക്കു ശേഷമുള്ള എറ്റവും വലിയ കുതിപ്പായിരുന്നു ഇത്. മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ കന്പനികളാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുടെ ആനുകൂല്യം നേടുന്നവർ.
പ്രധാനമന്ത്രി മോദി: ബജറ്റിലെ കർകരുടെ വരുമാന പദ്ധതിയും പെൻഷൻ പദ്ധതിയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രസക്തി കൂട്ടും. കർഷക ആനുകൂല്യം നൽകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും പെൻഷൻ പദ്ധതി പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു. ഇത് പ്രധാനമന്ത്രി മോദിയുടെ പ്രശസ്തിയും ഉയർത്തും.
- നഷ്ടപ്പെടുന്നവർ
ബോണ്ട് ഹോൾഡർമാർ: മോദി സർക്കാർ തുടർച്ചയായ രണ്ടാം വർഷവും ധനക്കമ്മി പരിധി പിന്നിട്ടു. 3.4 ശതമാനം വിടവാണ് ബജറ്റിലൂടെ ഉണ്ടായിരിക്കുന്നത്. ഇക്കാരണത്താൽ മൂഡീസ് അടക്കമുള്ള ക്രെഡിറ്റ് കന്പനികൾ റേറ്റിംഗ് കുറയ്ക്കാൻ തീരുമാനിച്ചാൽ അത് ബോണ്ട് ഹോൾഡർമാർക്ക് തിരിച്ചടിയാകും. വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ മോദി സർക്കാരിന്റെ ബജറ്റിൽ ഇല്ലെന്ന് മൂഡീസ് കുറ്റപ്പെടുത്തി കഴിഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ: കർഷകർ, മധ്യവർഗക്കാർ, ചെറുകി-ഇടത്തരം വ്യാപാരികൾ എന്നിവരെ ലക്ഷ്യമിട്ടാണ് മോദി സർക്കാരിന്റെ ബജറ്റ്. മേയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ പ്രഖ്യാപനങ്ങളിൽ ഒന്നുപോലും നടക്കുമെന്ന് ഉറപ്പില്ല. പക്ഷേ, ഇത് പ്രതിപക്ഷത്തിന് വൻ തിരിച്ചടിയാകും. സർക്കാർ തലത്തിൽ മോദി പ്രഖ്യാപനങ്ങൾ നടത്തിയപ്പോൾ, വാഗ്ദാനങ്ങളുമായി മാത്രം പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.
കർഷക തൊഴിലാളികൾ: കൃഷിയെ ആശ്രിക്കുന്നതും എന്നാൽ സ്വന്തമായി കൃഷി ഭൂമി ഇല്ലാത്തതുമായ തൊഴിലാളികൾക്ക് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന്റെ നേട്ടം ലഭിക്കില്ല. ഇപ്പോൾതന്നെ ഈ വിഭാഗം സാന്പത്തികമായി ദാരിദ്യ്രത്തിലാണ്. സർക്കാർ പ്രഖ്യാപിച്ചതിൽ ഏറെയും കൃഷിഭൂമി സ്വന്തമായുള്ള കർഷകർക്ക് ആനുകൂല്യം ലഭിക്കുന്ന പദ്ധതികളാണ്. രണ്ടു ഹെക്ടറിൽ താഴെയുള്ള കർഷകർക്ക് സർക്കാർ 6000 രൂപ നൽകുന്പോൾ, കൃഷിഭൂമിയില്ലാത്ത കാർഷിക തൊഴിലാളികൾക്ക് ഒന്നും ലഭിക്കില്ല.
പ്രതിരോധം: ആഗോളവിപണിയിൽ രൂപയുടെ മൂല്യം ഇടിഞ്ഞതിനാൽ പ്രതിരോധത്തിനായി ഇന്ത്യ നീക്കിവച്ചിരിക്കുന്ന തുക ഡോളർ കണക്കിൽ, കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. 3.05 ലക്ഷം കോടി രൂപയാണ് (4300 കോടി ഡോളർ) ഈ വർഷം ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 2.85 ലക്ഷം കോടി രൂപ (4000 കോടി ഡോളർ) ആയിരുന്നു. ഈ 2.85 ലക്ഷം കോടി രൂപ നിലവിലെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ 4450 കോടി ഡോളർ വരും. കഴിഞ്ഞ വർഷം രൂപയുടെ മൂല്യം ഇടിഞ്ഞതിനാൽ അന്താരാഷ്ട്ര വിപണിയിൽ ആയുധങ്ങൾ വാങ്ങുന്നതിന് ഇന്ത്യ കൂടുതൽ പണം നൽകേണ്ടിവരും.