ന്യൂഡൽഹി: കേന്ദ്രബജറ്റ് നാളെ. ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കു പകരം ഇടക്കാല ധനമന്ത്രി പിയൂഷ് ഗോയലാണു ബജറ്റ് അവതരിപ്പിക്കുക.
നരേന്ദ്രമോദി സർക്കാരിന്റെ ആറാമത്തെ ബജറ്റാണിത്. പൊതു തെരഞ്ഞെടുപ്പ് ഏപ്രിൽ-മേയിൽ നടക്കും. മേയ് ഒടുവിൽ പുതിയ മന്ത്രിസഭ വരണം. ആ നിലയ്ക്കു കീഴ്വഴക്കം അനുസരിച്ചു പൂർണബജറ്റ് അവതരിപ്പിക്കില്ല. വലിയ നികുതി മാറ്റങ്ങൾ, വലിയ പദ്ധതി പ്രഖ്യാപനങ്ങൾ, നയപരമായ വ്യതിയാനങ്ങൾ എന്നിവ ഒഴിവാക്കുകയാണു വഴക്കം.
2019-20ലെ വരവ് ചെലവ് പ്രതീക്ഷകളും കമ്മി പ്രതീക്ഷയും മറ്റും അവതരിപ്പിക്കുന്നതോടൊപ്പം മൂന്നോ നാലോ മാസത്തേക്കുള്ള ചെലവിനാവശ്യമായ തുകയ്ക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയാണ് ഇത്തരം അവസരങ്ങളിലെ രീതി.
അതിൽനിന്നു മാറി വലിയ ക്ഷേമപദ്ധതികളുംനികുതി ഇളവുകളും പ്രഖ്യാപിക്കും എന്നു കുറേ ദിവസമായി പ്രചാരണമുണ്ട്. ധനമന്ത്രാലയം അത്തരം പ്രചാരണത്തിൽ കഴന്പില്ലെന്നാണു പറഞ്ഞിട്ടുള്ളത്. ബജറ്റ് വഴക്കങ്ങൾ മാറ്റില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.
എങ്കിലും ഊഹാപോഹങ്ങൾ ഏറെയുണ്ട്. പ്രധാനമായും കർഷക-ദരിദ്ര ക്ഷേമപദ്ധതിയെയും ആദായനികുതി ഒഴിവു പരിധിയെയും പറ്റിയാണ്.
കർഷകരുടെയും ദരിദ്രരുടെയും വോട്ട് ലക്ഷ്യമിട്ട് രണ്ടുതരം പദ്ധതികളെപ്പറ്റി സംസാരമുണ്ട്. ഒന്നു കർഷകർക്ക് ഏക്കർ അടിസ്ഥാനത്തിൽ തുക നല്കുന്ന പദ്ധതി. തെലുങ്കാനയിലെ രയ്തു ബന്ധു പദ്ധതിയുടെ മാതൃകയിലാണിത്. രണ്ട്: ദരിദ്ര വിഭാഗങ്ങൾക്കും അവശർക്കും പൊതുവായ പെൻഷൻ പദ്ധതി. ഇപ്പോഴുള്ള ക്ഷേമപെൻഷനുകളുടെ തുക കൂട്ടുകയും എല്ലാ ബിപിഎൽ കുടുംബങ്ങളെയും അതിൽ പങ്കാളികളാക്കുകയും ചെയ്യുന്നതാണ് ആലോചനയിൽ.
ആദായനികുതിയിൽ ഒഴിവു പരിധി രണ്ടര ലക്ഷം രൂപയിൽനിന്നു മൂന്നര ലക്ഷം രൂപ വരെയാക്കുമെന്നാണു പ്രതീക്ഷ.
മൂന്നു പദ്ധതികളും സർക്കാരിന്റെ ധനക്കമ്മി കുത്തനെ കൂട്ടും. ആദായനികുതി ഒഴിവ് പരിധി 2014നു ശേഷം വർധിപ്പിച്ചിട്ടില്ല.
കന്പനികളുടെ നികുതി ക്രമമായി കുറയ്ക്കുമെന്ന് 2014ൽ നല്കിയ വാഗ്ദാനം പാലിക്കാൻ അരുൺ ജയ്റ്റ്ലിക്കു കഴിഞ്ഞിട്ടില്ല. വരുമാനനഷ്ടം ഭയന്നാണ് അതു ചെയ്യാതിരുന്നത്.
ഇപ്രാവശ്യം ജിഎസ്ടി വരുമാനം പ്രതീക്ഷയിലും വളരെ താഴെയാണ്. ഇതുമൂലം കമ്മി വർധിക്കാതിരിക്കാൻ റിസർവ് ബാങ്കിൽനിന്നു കൂടുതൽ തുക ലാഭവീതമായി ആവശ്യപ്പെടുമെന്നാണു സൂചന.
പൊതുമേഖലാ ഓഹരി വില്പന ഉദ്ദേശിച്ച വേഗത്തിൽ നടന്നില്ലെങ്കിലും വർഷാവസാനത്തോടെ ലക്ഷ്യം നേടുമെന്നു ഗവൺമെന്റ് പ്രതീക്ഷിക്കുന്നു.
ധനകമ്മി മൊത്ത ആഭ്യന്തര ഉത്പാദന(ജിഡിപി)ത്തിന്റെ 3.3 ശതമാനത്തിൽ ഒതുക്കുമെന്നാണു കഴിഞ്ഞ ബജറ്റിൽ പറഞ്ഞിരുന്നത്. അതു പാലിക്കണമെങ്കിൽ കുറെയേറെ ചെലവിനങ്ങൾ അടുത്തവർഷത്തേക്കു തട്ടിവിടേണ്ടിവരും.
പ്രതിരോധത്തിനു നീക്കിവച്ച തുകയിൽ കുറേ മിച്ചമുണ്ടാകും. ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിലെ മെല്ലെപ്പോക്കുമൂലമാണിത്.
24.42 ലക്ഷം കോടി രൂപ ചെലവും 6.24 ലക്ഷം കോടി കമ്മിയുമുള്ള ബജറ്റാണു കഴിഞ്ഞവർഷം അവതരിപ്പിച്ചത്.