ബജറ്റില്‍ തൃശൂരിന് നിരവധി പദ്ധതികള്‍; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 150 കോടി

ktm-thomas-isaacതൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്. 150 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കൂടാതെ നടപ്പു വര്‍ഷം പണികള്‍ക്കായി 15 കോടി രൂപയും വകയിരുത്തിയതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ തൃശൂര്‍ മൃഗശാല പുത്തൂരിലേക്ക് മാറ്റുന്നതിന്റെ നടപടികള്‍ക്ക് വേഗം കൂടുമെന്ന് പ്രതീക്ഷയിലാണ്. 150 കോടി ചെലവില്‍ 306 ഏക്കറില്‍ വിഭാവനം ചെയ്തതാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്. ഇതിനായുള്ള പണം മുഴുവന്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത് രണ്ടു കോടി രൂപയാണ്.  2014-15 വര്‍ഷത്തില്‍ 25 കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നെ ങ്കിലും അനുവദിച്ചത് വെറും രണ്ടു കോടി രൂപ മാത്രം. കഴിഞ്ഞ സര്‍ക്കാര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണത്തിന് വേണ്ടത്ര തുക അനുവദിക്കുകയോ അനുവദിച്ച തുക നല്‍കുകയോ ചെയ്യാതിരുന്നതിനാലാണ് പണികള്‍ ഇഴഞ്ഞു നീങ്ങിയിരുന്നത്. കാര്യമായ ഒരു പണികളും ഇവിടെ നടത്താനായിരുന്നില്ല. ഇത്തവണ അനുവദിച്ച പണം ഉപയോഗിച്ച് നിര്‍മാണ ജോലികള്‍ നടത്തുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

ഒല്ലൂര്‍ എംഎല്‍എ കെ.രാജനും സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തൃശൂരില്‍ വിവിധ പദ്ധതികള്‍ക്കായും തുക മാറ്റി വച്ചിട്ടുണ്ട്. ശ്രീകേരളവര്‍മ കോളജ് ഡിജിറ്റല്‍ കോളജാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കലാഭവന്‍ മണിക്ക് സ്മാരകം പണിയും. തൃശൂര്‍ക്കാരനായ ഫുട്‌ബോള്‍ താരം ഐ.എം.വിജയന്റെ പേരില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം പണിയുമെന്ന പ്രഖ്യാപനവും തൃശൂരിനു ലഭിച്ച അംഗീകാരമായി.

സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഫോക്്‌ലോര്‍ അക്കാദമി എന്നിവയ്ക്കായി 18 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. കൂടാതെ സാഹിത്യ അക്കാദമിയില്‍ മലയാള ഹബ്ബിനായി രണ്ടു കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മേല്‍പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

Related posts