എം.എ. യൂസഫലി (ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറും)
പൊതുജനാരോഗ്യം, പാർപ്പിടം, അടിസ്ഥാനസൗകര്യ വികസനം, തീരദേശമേഖലയുടെ വികസനം എന്നിവയിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുവെന്നത് അഭിനന്ദനാർഹമാണ്. പ്രവാസികളുടെ ക്ഷേമത്തിനായി ഏറ്റവും കൂടുതൽ തുക വകയിരുത്തിയതും എടുത്തുപറയണം.
സ്വകാര്യനിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സംസ്ഥാനത്തിന്റെ ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്ക് മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്നതിലൂടെ കൂടുതൽ തൊഴിൽസാധ്യതകൾ സൃഷ്ടിക്കപ്പെടും.
പ്രതീക്ഷയ്ക്കൊത്ത് എത്തിയില്ല
ആന്റണി തോമസ് കൊട്ടാരം (കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ)
സംസ്ഥാന ബജറ്റ് നിർദേശങ്ങൾ പ്രതീക്ഷയ്ക്കൊത്തവിധം എത്തിയില്ല. കിഫ്ബിയെ മാത്രം ആശ്രയിച്ചുള്ള വികസനനിർദേശങ്ങളുടെ പൂർത്തീകരണം ആകാംക്ഷയോടെ മാത്രമേ കാണാൻ കഴിയൂ. ജിഎസ്ടിയുടെ നടത്തിപ്പിൽ വീഴ്ചകൾ സംഭവിച്ചെന്നു ധനമന്ത്രി സമ്മതിക്കുന്നുവെങ്കിലും അതിനുള്ള ഒരു പരിഹാരമാർഗങ്ങൾ നിർദേശിച്ചിട്ടില്ല. വാറ്റ് റിട്ടേണുകൾ റിവൈസ് ചെയ്യുന്നതിനുള്ള അവസരവും നികുതി കുടിശിഖകൾ അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടിയതും മാത്രമാണു ബിസിനസുകാരെ സംബന്ധിച്ച് ഏക ആശ്വാസ നടപടി.
വ്യാപാരികളെ അവഗണിച്ചു
ലിയോ പോൾ (എറണാകുളം മർച്ചന്റ്സ് അസോസിയേഷൻ, ജനറൽ സെക്രട്ടറി)
ആയിരക്കണക്കിനു കോടി രൂപ സർക്കാർ ഖജനാവിലേക്കു നികുതിയായി നല്കുന്ന വ്യാപാരികളെ സംസ്ഥാന ബജറ്റിൽ അവഗണിച്ചിരിക്കുകയാണ്. വ്യാപാരികളുടെ ആവശ്യങ്ങൾക്കായി ഒന്നും അനുവദിച്ചില്ല. ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജിൽ 550 ഡോക്ടർമാരെയും 1750 നഴ്സുമാരെയും നിയമിക്കാനുള്ള നീക്കം സ്വാഗതാർഹമാണ്.
വികസനത്തിനു വഴിയൊരുക്കും: ദീപക് എൽ. അസ്വാനി
(ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് കേരള കൗണ്സിൽ കോ-ചെയർമാൻ)
കേരളത്തിന്റെ സമഗ്രവികസനത്തിനു വഴിയൊരുക്കുന്നതാണു സംസ്ഥാന ബജറ്റ്. കൃഷി, ടൂറിസം, സ്റ്റാർട്ടപ്, ഇന്നോവേഷൻ, ഐടി ഹബ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കൂടുതൽ തുക വകയിരുത്തുകയും പദ്ധതികൾ അനുവദിക്കുകയും ചെയ്തത് അഭിനന്ദനാർഹമാണ്. ഹെൽത്ത് ഇൻഷ്വറൻസ്, ഹൗസിംഗ് സ്കീമുകൾ, ഫുഡ് സബ്സിഡി തുടങ്ങിയ പദ്ധതികൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കു പ്രയോജനം ചെയ്യും. കിഫ്ബി ഫണ്ടിംഗിലൂടെ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം സർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്. ഭരണച്ചെലവുകൾ വെട്ടിച്ചുരുക്കി വികസനപ്രവർത്തനങ്ങൾക്കു കൂടുതൽ ഫണ്ട് ലഭ്യമാക്കണം.
വ്യവസായ മേഖലയ്ക്കു പ്രാധാന്യം നല്കിയില്ല: രാജേഷ് അഗർവാൾ
(ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ്)
നോട്ടു നിരോധനത്തിന്റെയും ജിഎസ്ടിയുടെയും വീഴ്ചകൾ ഉയർത്തിക്കാട്ടിയുള്ള അഭിപ്രായപ്രകടനങ്ങളാണു പ്രധാനമായും ബജറ്റിൽ. ചെലവു ചുരുക്കി വരുമാനം വർധിപ്പിക്കുകയെന്നതു സർക്കാരിന്റെ നല്ല നീക്കമാണ്. സർക്കാർ ചെലവുകളിൽ യാത്രയ്ക്കും ഫോണിനുമുള്ള നിയന്ത്രണവും കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹാരവും നല്ല നീക്കങ്ങളാണ്. ഭൂനികുതിയും മദ്യത്തിന്മേലുള്ള നികുതിവർധനയും ഇപ്പോഴത്തെ സാഹചര്യത്തിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കാൻ സാധ്യത കുറവാണ്.
പ്രതീക്ഷ നല്കുന്നു
അദീബ് അഹമ്മദ് (ലുലു എക്സേഞ്ച് ഹോൾഡിംഗ്സ് ആൻഡ് ട്വന്റി 14 ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ)
പുതിയ സംരംഭകരെ ഉത്തേജിപ്പിക്കുന്നതിനായി ഫണ്ട് അനുവദിക്കുന്നതും അതിൽ സർക്കാർ നിക്ഷേപം തുടങ്ങുന്നതും വ്യവസായ മേഖലയ്ക്കു കരുത്തു നല്കും. ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ ഫണ്ട് വകയിരുത്തുന്നത് ഉപകാരപ്രദമായിരിക്കും. പ്രവാസികളുടെ സന്പാദ്യശീലം വർധിപ്പിക്കുന്നതിനുവേണ്ടി ആവിഷ്കരിക്കുന്ന കെഎസ്എഫ്ഇ പ്രവാസി ചിട്ടിക്ക് ഓണ്ലൈൻ സൗകര്യം നല്കുന്നത് ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നു. പ്രവാസി ബോണ്ടുകളും ഇതോടൊപ്പം ഉപയോഗപ്രദമാണ്.