കണ്ണൂർ: മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി ആറങ്ങാട്ടേരിയിലെ ശിശുമിത്ര ബഡ്സ് സ്കൂളിൽ വിദ്യാർഥിനിയെ കസേരയിൽ കെട്ടിയിട്ടതായി അമ്മയുടെ പരാതി. സ്കൂളിൽ വിദ്യാർഥിനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മയാണ് ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയത്.
എഴുപത്തിയഞ്ച് ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ അനങ്ങാൻ പോലും കഴിയാത്ത വിധം കസേരയിൽ വിരിഞ്ഞുമുറുക്കി കെട്ടിയിട്ടെന്നാണ് പരാതി. ഈ മാസം നാലിനാണ് സംഭവം. സ്കൂൾ പിടിഎ യോഗത്തിൽ പങ്കെടുക്കാൻ 20 മിനുട്ട് നേരത്തെ സ്കൂളിൽ എത്തിയപ്പോഴാണ് മകളെ കെട്ടിയിട്ടതായി ശ്രദ്ധയിൽ പെട്ടതെന്നും കുട്ടിയുടെ വസ്ത്രങ്ങൾ മൂത്രത്തിൽ നനഞ്ഞിരുന്നതായി കണ്ടതായും പരാതിയിൽ പറയുന്നു.
ഇത് സംബന്ധിച്ച് മാങ്ങാട്ടിടം പഞ്ചായത്തിലും ഇവർ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
അനങ്ങാൻ സാധിക്കാത്ത വിധത്തിൽ കുട്ടിയെ കെട്ടിയിട്ടു’
” എന്റെ മകളെ ഒന്ന് അനങ്ങാൻപോലും കഴിയാത്തവിധം കസേരയോടു വരിഞ്ഞുമുറിക്കി കെട്ടിയിട്ടിരിക്കുകയായിരുന്നു. അവളുടെ വസ്ത്രങ്ങൾ മൂത്രത്തിൽ നനഞ്ഞിരുന്നു. എന്നെ കണ്ടതും മകൾ “അമ്മേ, അമ്മേ.. എന്നു വിളിച്ച് കരയാൻതുടങ്ങി. ഇതു ശ്രദ്ധയിൽപ്പെട്ട ടീച്ചർ പെട്ടെന്ന് വന്ന് കെട്ടഴിച്ചു.
എന്തിനാണ് കുട്ടിയെ ഇങ്ങനെ കെട്ടിയതെന്നു ചോദിച്ചപ്പോൾ എഴുന്നേറ്റ് നടക്കാതിരിക്കാൻ ചെയ്തതാണെന്നു പറഞ്ഞു. പ്രിൻസിപ്പലിന്റെ നിർദേശപ്രകാരമാണ് ഇതു ചെയ്തത്. ബാത്റൂമിൽ കൊണ്ടുപോയി വസ്ത്രം മാറ്റിയപ്പോൾ വയറിൽ ചരടുകൊണ്ട് വരിഞ്ഞുകെട്ടിയതിന്റെ നീലിച്ച പാടുകൾ ഉണ്ടായിരുന്നു.
സംസാരിക്കാൻ അറിയാവുന്ന മറ്റു കുട്ടികളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മകളെ എപ്പോഴും കെട്ടിയിടാറാണ് എന്നാണു പറഞ്ഞത്. ഇതിനു മുന്പും മകൾക്ക് സ്കൂളിൽ നിന്നും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.
ഒരിക്കൽ സ്കൂളിൽ നിന്നു വന്ന് വസ്ത്രം മാറുന്പോൾ തുടയിൽ വടി കൊണ്ട് അടിച്ചതിന്റെ തിമിർത്ത പാടുകൾ കണ്ടിരുന്നു. സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്ന് വളരെ ക്രൂരമായ അനുഭവങ്ങളാണ് മകൾക്ക് ഉണ്ടാകുന്നതെന്നാണു അമ്മ പറയുന്നത്.