കാള ചാണകമിടുന്നതു നോക്കി കാളയുടെ അടുത്ത് കാത്തിരിക്കുകയാണ് ഒരു കുടുംബം. ആദ്യം കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും സംഭവത്തിന്റെ നിജസ്ഥിതി അറിയുമ്പോള്‍ ആ കുടുംബത്തോടു സഹതാപമാണ് തോന്നുക. പച്ചക്കറി അവശിഷ്ടങ്ങള്‍ക്കൊപ്പം കാള 40 ഗ്രാം സ്വര്‍ണം വിഴുങ്ങിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. ഹരിയാനയിലെ സിര്‍സയിലാണ് സംഭവം. കലനവാലി സ്വദേശിയായ ജനക് രാജിനാണ് കേള്‍ക്കുമ്പോള്‍ ആരും ചിരിച്ചുപോകുന്ന അനുഭവം പറയാനുള്ളത്.
ഒക്ടോബര്‍ 19നാണ് സംഭവം. പച്ചക്കറി മുറിക്കുന്നതിനിടെ ജനക് രാജിന്റെ ഭാര്യയും മരുമകളും അവരുടെ സ്വര്‍ണാഭരണങ്ങള്‍ പച്ചക്കറി മുറിക്കുകയായിരുന്ന പാത്രത്തില്‍ അഴിച്ചുവെച്ചു. ബാക്കി വന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ പാത്രത്തിനടുത്ത് കൂട്ടിവെക്കുകയും ചെയ്തു. എന്നാല്‍ പാത്രത്തില്‍ നിന്ന് സ്വര്‍ണം എടുക്കാന്‍ മറന്നു. ഇതിനു പിന്നാലെ പച്ചക്കറി അവശിഷ്ടങ്ങള്‍ക്കൊപ്പം സ്വര്‍ണവും മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തില്‍ പച്ചക്കറി തിന്നാന്‍ എത്തിയ കാള സ്വര്‍ണവും അകത്താക്കി.
സ്വര്‍ണം കാള വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെന്ന് ജനക് രാജ് പറയുന്നു.
പിന്നീട് കാളക്കുള്ള തിരച്ചിലായി. മൃഗഡോക്ടറുടെ സഹായത്തോടെ കാളയെ കണ്ടെത്തി പിടികൂടി വീടിനടുത്തുള്ള പറമ്പില്‍ കെട്ടിയിട്ടു. ഇതോടെയാണ് ചാണകത്തിനായുള്ള കാത്തിരിപ്പ് കുടുംബം തുടങ്ങിയത്. സ്വര്‍ണം ചാണകത്തിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയില്‍ കാളക്ക് ഭക്ഷണം നല്‍കുകയാണ് വീട്ടുകാര്‍. സ്വര്‍ണം കിട്ടിയില്ലെങ്കില്‍ കാളയെ ഗോശാലയിലേക്ക് വിടുമെന്ന് ജനക്രാജ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും കാളയ്ക്ക് ഇപ്പോള്‍ വിഐപി പരിഗണനയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.