ബസിൽ യാത്ര ചെയ്യുന്ന സമയത്ത് നേരിടുന്ന ദുരനുഭവങ്ങൾ പലപ്പോഴും നമ്മൾ കേട്ടിട്ടുള്ളതാണ്. വീണ്ടുമൊരു ബസ് യാത്രയാണ് ചർച്ചയാകുന്നത്. ബസിൽ യാത്ര ചെയ്ത സമയത്ത് യുവതിയെ മൂട്ട കടിച്ചതാണ് സംഭവം. ദക്ഷിണ കന്നഡ പാവൂർ സ്വദേശിനിയായ ദീപിക സുവർണയെയാണ് മൂട്ട കടിച്ചത്.
കന്നഡ ചാനലിലെ റിയാലിറ്റി ഷോ ആയ രാജാറാണിയിൽ പങ്കെടുക്കാനായി മംഗളൂരുവിൽ നിന്നും ബംഗളൂരുവിലേക്ക് സ്വകാര്യബസിൽ ടിക്കറ്റ് ബുക്ക് ചെയ്തത് യാത്ര ചെയ്യുകയായിരുന്നു ദീപികയും ഭർത്താവ് ശോഭരാജും. അതിനിടയിലാണ് ദീപികയെ മൂട്ട കടിച്ചത്. ഇതോടെ അവർക്ക് അലർജി അടക്കം അസ്വസ്ഥതകൾ ഉണ്ടായി.
ദേഹാസ്വസ്തതകൾ കാരണം റിയാലിറ്റി ഷോയിൽ ദീപികയ്ക്ക് നന്നായി പ്രകടനം നടത്താൻ സാധിച്ചില്ല. അത് ഷോയുടെ പ്രതിഫലം കുറയാൻ കാരണമായി എന്നും കാണിച്ച് ദന്പതികൾ പരാതി നൽകി. ഉറങ്ങുന്നതിനിടെയാണ് തന്നെ മൂട്ട കടിച്ചത്. ഈ കാര്യം ബസിലെ ജീവനക്കാരനോട് പറഞ്ഞിരുന്നു. എന്നാൽ അവർ ഇതിനെതിരേ നടപടി സ്വകരിച്ചില്ല എന്നും ദീപിക പരാതിയിൽ പറയുന്നു.
ഒരുലക്ഷം രൂപ നഷ്ടപരിഹാരം, 10,000 രൂപ നിയമ ചെലവ്, 850 രൂപ ടിക്കറ്റ് ചെലവ്, 18,650 രൂപ പിഴ എന്നിവയടക്കം 1.29 ലക്ഷം രൂപ ദീപികയ്ക്ക് നൽകണം എന്നായിരുന്നു അന്വേഷണത്തിനൊടുവിൽ കോടതി പറഞ്ഞത്.